നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ടാക്‌സ്? കുവൈറ്റ് പാര്‍ലമെന്റില്‍ ബില്‍

Share

കുവൈറ്റ് സിറ്റി: പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ടാക്‌സ് ഏര്‍പ്പെടുത്താന്‍ കുവൈറ്റ് പാര്‍ലമെന്റില്‍ ബില്‍. പാര്‍ലമെന്റ് അംഗം ഫഹദ് ബിന്‍ ജമിയാണ് ഇത്തരത്തിലൊരു ആശയവുമായി രംഗത്തു വന്നിരിക്കുന്നത്. ബില്‍ നിയമമായി മന്ത്രിസഭ അംഗീകരിച്ചാല്‍ കുവൈറ്റിലെ ആയിരക്കണക്കിന് പ്രവാസികളെ പ്രതികൂലമായി ബാധിക്കും. പ്രവാസികള്‍ കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന് മൂന്നു ശതമാനം വരെ റെമിറ്റന്‍സ് ടാക്‌സ് ഈടാക്കണമെന്നാണ് പാര്‍ലമെന്റ് അംഗം ഫഹദ് ബിന്‍ ജമി ആവശ്യപ്പെടുന്നത്.

ഓരോ വര്‍ഷവും കുവൈറ്റില്‍ നിന്ന് ഏകദേശം അഞ്ചു മുതല്‍ 17 ബില്യണ്‍ ഡോളറാണ് നികുതിയില്ലാതെ വിദേശികള്‍ നാട്ടിലേക്ക് അയക്കുന്നത്. ഈ പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന ആവശ്യമാണ് ഫഹദ് ബിന്‍ ജമി ബില്ലില്‍ ഉന്നയിക്കുന്നത്. സൗദി അറേബ്യ, ബഹ്റൈന്‍ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ ഈ സംവിധാനം നിലവിലുണ്ട്. എന്നാല്‍ വിദേശികളുടെ പണത്തിന് നികുതി ഈടാക്കാനുള്ള തീരുമാനം കുവൈറ്റ് സര്‍ക്കാര്‍ നേരത്തെ തന്നെ തള്ളിയതാണ്. ഇത്തരമൊരു നികുതി വന്നാല്‍ അത് സമ്പദ്ഘടനയെത്തന്നെ ബാധിക്കുമെന്നും വിദഗ്ധരായ തൊഴിലാളികള്‍ രാജ്യം വിട്ടുപോകാന്‍ ഇടയാകുമെന്നുമാണ് കുവൈത്ത് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.