നബിദിന അവധി; വിവിധ എമിറേറ്റുകളില്‍ സൗജന്യ പാര്‍ക്കിംഗ്

Share

ദുബായ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്‍മദിനവുമായി ബന്ധപ്പെട്ട് യു.എ.ഇ-യിൽ ഇന്നുമുതല്‍ അവധിയാണ്. നബിദിന അവധിയോടൊപ്പം വീക്കെന്‍ഡ് അവധികൂടി കണക്കാക്കുമ്പോള്‍ തുടര്‍ച്ചയായി 4 ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. അതേസമയം നബിദിന അവധി പരിഗണിച്ച് യു.എ.ഇ-യില്‍ പല എമിറേറ്റുകളിലും ഇന്നും നാളെയും പൊതുസ്ഥലങ്ങളിലെ പാര്‍ക്കിംഗ് സൗജന്യമാക്കിയിട്ടുണ്ട്. അബുദബിയില്‍ നാളെ വെള്ളിയാഴ്ച പാര്‍ക്കിംഗും ടോളും സൗജന്യമായിരിക്കുമെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു. ഈ ദിവസങ്ങളില്‍ മുസഫയിലെ എം-18 പാര്‍ക്കിംഗ് കേന്ദ്രത്തിലും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.

അതേസമയം നിരോധിത മേഖലകളില്‍ ആരും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും മറ്റു വാഹനങ്ങള്‍ക്ക് മാര്‍ഗ തടസ്സം ഉണ്ടാക്കും വിധത്തിലുള്ള പാര്‍ക്കിംഗ് ഒഴിവാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. കൂടാതെ താമസക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള പാര്‍ക്കിംഗ് ഇടങ്ങളില്‍ രാത്രി 9 മുതല്‍ രാവിലെ 8 വരെയുള്ള പാര്‍ക്കിംഗ് അനുവദിക്കില്ല. ഇതിനോടൊപ്പം അബുദബിയിലെ ഡാര്‍ബ് ടോള്‍ ഗേറ്റും നാളെ വാഹന യാത്രക്കാര്‍ക്ക് സൗജന്യമായി ഉപയോഗിക്കാം. ശനിയാഴ്ച ദിവസം മുതല്‍ സാധാരണയുള്ള ടോള്‍ ഗേറ്റ് നിരക്കുകള്‍ ബാധകമായിരിക്കും.

നബിദിനത്തോടനുബന്ധിച്ച് ഷാര്‍ജ എമിറേറ്റില്‍ ഇന്ന് പൊതുപാര്‍ക്കിംഗ് സൗജന്യമായിരിക്കുമെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി അറിയിച്ചു. എന്നാല്‍ നീല പാര്‍ക്കിംഗ് സോണുകളില്‍ അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലുമടക്കമുള്ള പെയിഡ് പാര്‍ക്കിംഗ് തുടരും. ഇത്തരത്തിലുള്ള പെയ്ഡ് പാര്‍ക്കിംഗ് സോണുകളെ അവയുടെ നീല ചിഹ്നങ്ങളിലൂടെ തിരിച്ചറിയാന്‍ കഴിയും. പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്നും നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വേണ്ടിയുള്ള പരിശോധന ശക്തമായി തുടരുമെന്നും ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.