മാതൃകയായി ഒമാന്‍ എയര്‍; ടിക്കറ്റുകള്‍ക്ക് 20% നിരക്കിളവ്

Share

മസ്‌കറ്റ്: ഒമാന്‍ എയര്‍ നിബന്ധമനകളോടെ 20% വരെ നിരക്കിളവ് പ്രഖ്യാപിച്ചു. ഈ മാസം 28 അതായത് 2023 സെപ്റ്റംബര്‍ 28 ശനിയാഴ്ച വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് നിരക്കിളവ് ബാധകമായിരിക്കുമെന്നും എന്നാല്‍ 2024 മാര്‍ച്ച് 15 വരെയുള്ള മടക്കയാത്ര ഉള്‍പ്പെടുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ എന്നാണ് ഒമാന്‍ എയര്‍ അറിയിച്ചിരിക്കുന്നത്. ഇക്കോണമി ക്ലാസ് നിരക്കുകളില്‍ 20 ശതമാനം വരെ കിഴിവും ബിസിനസ് ക്ലാസ് നിരക്കുകളില്‍ 15 ശതമാനം വരെ ഇളവുമാണ് ഒമാന്‍ എയറിന്റെ വാഗ്ദാനം. ഇക്കോണമി ക്ലാസിലെ ഈ നിരക്കിളവ് സാധാരണക്കാരായ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാണ്.

ഗള്‍ഫ് മേഖലയിലെ മറ്റു വിമാന കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമാന്‍ എയറില്‍ പൊതുവേ ടിക്കറ്റ് നിരക്ക് കുറവാണ്. ഈ സാഹചര്യത്തില്‍ 20 ശതമാനം വരെ ഇളവുകൂടി ലഭിക്കുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ വലിയ കുറവുണ്ടാകും. കേരളത്തിലെ മലബാര്‍ മേഖയിലേക്ക് പ്രത്യേകിച്ചും കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സൗദിയില്‍ നിന്ന് നേരിട്ട് സര്‍വീസില്ലാത്തതിനാല്‍ മസ്‌കറ്റ് വഴിയുള്ള കണക്ടഡ് വിമാനങ്ങളെ ആശ്രയിക്കുന്നവര്‍ നിരവധിയാണ്. ഇങ്ങെ യാത്ര ചെയ്യുന്നവര്‍ കൂടുതലായി പരിഗണിക്കുന്നത് ടിക്കറ്റ് ചാര്‍ജ് കുറവുള്ള ഒമാന്‍ എയറിനെയാണ്. അങ്ങനെ സൗദി-ഒമാന്‍-ഇന്ത്യ കണക്ഷന്‍ സര്‍വീസുകളെ ആശ്രയിക്കുന്നവര്‍ക്ക് നിലവിലെ നിരക്കിളവ് ഗുണകരമാകും.

ആകര്‍ഷകമായ രീതിയില്‍ ആഗോള വില്‍പ്പന കാമ്പെയ്ന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഒമാന്‍ എയര്‍ ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒമാന്‍ എയറിന്റെ ഔദ്യോഗിക എക്സ് (പഴയ ട്വിറ്റര്‍) പേജില്‍ ടിക്കറ്റ് കിഴിവ് സംബന്ധിച്ച പ്രൊമോഷന്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്രത്യേക ഓഫര്‍ എല്ലാ വിമാനത്തിലും ലഭ്യമാണെന്നാണ് ഒമാന്‍ എയര്‍ അറിയിച്ചിരിക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയോ ആപ്ലിക്കേഷനിലൂടെയോ അല്ലെങ്കില്‍ കോള്‍ കൗണ്ടറുകള്‍, ഒമാന്‍ എയറിന്റെ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ എന്നിവര്‍ മുഖേന ഓഫര്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു..