പുതിയ പദവി ഏറ്റെടുക്കുമോ? സുരേഷ് ഗോപി വിഷമവൃത്തത്തില്‍

Share

ഡല്‍ഹി: കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് സ്ഥാനം നടനും മുന്‍ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. നിയമന വിവരം ടെലിവിഷനിലൂടെ അറിയാന്‍ കഴിഞ്ഞത് ഏറെ വേദനിപ്പിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. അക്കാരണം കൊണ്ടുതന്നെ സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവി സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ലെന്നാണ് സൂചന. തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തില്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ പദയാത്ര നടത്താനിരിക്കെയാണ് നിയമനം എന്നുള്ളതും ശ്രദ്ധേയമാണ്. പദയാത്രയുടെ ബോര്‍ഡുകള്‍ വരെ ഇതിനോടകം വിവിധയിടങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു.

ഈ സാഹചര്യത്തില്‍ പുതിയ ചുമതല ഏറ്റെടുക്കാന്‍ സാദ്ധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതല നല്‍കിയതിലും സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയെ നിയമിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ നിയമന വാര്‍ത്ത സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചത്. അതേസമയം സുരേഷ്‌ഗോപി പുതിയ പദവി ഏറ്റെടുക്കുന്നതോടെ സിനിമയില്‍ സജീവമാകാന്‍ കഴിയാത്ത സാഹചര്യവുമുണ്ടാകും. ഗരുഡന്‍ എന്ന മലയാള ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസിന് ഒരുങ്ങുന്നത്.

സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് സ്ഥാനം സുരേഷ് ഗോപി ഏറ്റെടുക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെ അതൃപ്തി അറിയിച്ച് വിദ്യാർത്ഥി യൂണിയൻ രംഗത്തുവന്നു. സുരേഷ് ഗോപിയെ സ്ഥാപനത്തിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യാനുള്ള ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനത്തെ തങ്ങൾ എതിർക്കുന്നുവെന്നാണ് വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ ലഘുലേഖയിൽ പറഞ്ഞിരിക്കുന്നത്.  ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും ബിജെപിയുമായുള്ള ബന്ധത്തിന്റെയും പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് സുരേഷ് ഗോപി.  രാജ്യത്തിന്റെ മതേതര ഘടനയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും അതിനാൽ സുരേഷ് ഗോപി പ്രസിഡന്റായാൽ അത് സ്ഥാപനത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് സ്റ്റുഡന്റ്സ് യൂണിയൻ പുറത്തുവിട്ട ലഘുലേഖയിൽ പറഞ്ഞിരിക്കുന്നത്.