പാസ്‌പോര്‍ട്ടില്ലാതെ വിമാനയാത്രയോ? സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ദുബായ്..

Share

ദുബായ്: ദുബായ് വിമാനത്താവളങ്ങള്‍ പാസ്‌പോര്‍ട്ട് രഹിത യാത്രക്ക് കളമൊരുക്കുകയാണ്. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ദുബായ് വിമാനത്താവളത്തിലെ ഇലക്ട്രോണിക് ഗേറ്റുകള്‍ സ്മാര്‍ട്ട് ഗേറ്റുകള്‍ക്ക് വഴിമാറുകയും ബയോമെട്രിക്സ്, ഫേസ് റെകഗ്നിഷന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് യാത്രക്കാരനെ സെക്കന്റുകള്‍ കൊണ്ട് തിരിച്ചറിഞ്ഞ് കടത്തിവിടുന്ന സംവിധാനം ഏറ്റവും മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഒരുങ്ങുകയാണ് ദുബായ് വിമാനത്താവളം. അത്തരത്തില്‍ പാസ്പോര്‍ട്ട് കാണിക്കാതെ യാത്രചെയ്യാന്‍ ആദ്യമായി സംവിധാനം ഒരുക്കിയിരിക്കുകയാണ് ദുബായ് വിമാന കമ്പനിയായ എമിറേറ്റ്സ് എയര്‍ലൈന്‍സ്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബായ് വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനല്‍ ഉപയോഗിക്കുന്നവര്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകള്‍ വഴി ചെക്-ഇന്‍, ഇമിഗ്രേഷന്‍ ഉള്‍പ്പെടെയുള്ള യാത്രാ നടപടിക്രമങ്ങള്‍ സെക്കന്റുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാം.

അതായത് പേപ്പര്‍ രേഖകള്‍ കാണിക്കാതെ തന്നെ ബയോമെട്രിക്സ്, ഫേസ് റെകഗ്നിഷന്‍ എന്നിവ ഉപയോഗിച്ച് കംപ്യൂട്ടറുകള്‍ യാത്രക്കാരെ കടത്തിവിടും. മൂന്നാം ടെര്‍മിനലിലെ എമിറേറ്റ്സ് യാത്രക്കാര്‍ക്ക് പാസ്പോര്‍ട്ടില്ലാതെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയുന്ന സംവിധാനം ഈ വര്‍ഷം നവംബറിലോ ഡിസംബറിലോ ആരംഭിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്സ് അഫയേഴ്സ് അധികൃതര്‍ അറിയിച്ചിരിക്കുകയാണ്. ഇലക്ട്രോണിക് ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട്ട് ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ദുബായ് വിമാനത്താവളം പരിശ്രമിച്ചുവരികയാണെന്നും പേപ്പറുകളൊന്നുമില്ലാതെ ഉദ്യോഗസ്ഥരുമായി സംസാരിക്കാതെ എവിടെയും സ്പര്‍ശിക്കാതെ യാതൊരു തടസ്സങ്ങളുമില്ലാതെ യാത്രക്കാര്‍ക്ക് സുഗമമായൊരു വിമാനയാത്ര.. അതാണ് ദുബായുടെ ലക്ഷ്യം.