ഇന്ത്യയെ തൊട്ടറിയാൻ ഒറ്റയാള്‍ യാത്ര; ചരിത്ര ദൗത്യവുമായി ബിജു ബി.പി

Share

റിപ്പോർട്ട്: വി.ജി മിനീഷ് കുമാർ

തിരുവനന്തപുരം:  ഇന്ത്യയുടെ തെക്കേ അറ്റത്തുനിന്നും വടക്കേയറ്റം വരെ അതിവിശാലതയോടെ പടര്‍ന്നു കിടക്കുന്ന പ്രകൃതിരമണീയമായ ഭൂപ്രകൃതി. വിവിധ ഭാഷകള്‍, വിവിധ സംസ്‌കാരങ്ങള്‍, വിവിധ മതങ്ങള്‍, വിവിധ ആചാരങ്ങള്‍, വിവിധ രാഷ്ട്രീയ പ്രമാണങ്ങള്‍ അങ്ങനെ നാനാത്വത്തിലും ഏക സ്വരമായി നിലകൊള്ളുന്ന ഒരൊറ്റ ഇന്ത്യ..ഒരൊറ്റ ജനത..അതാണ് ലോക രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയെ എന്നും വേറിട്ട് നിറുത്തുന്നത്. എത്ര കണ്ടാലും, എത്ര പഠിച്ചാലും മതിവരാത്ത കാഴ്ചകളും വിഭവ സമൃദ്ധിയും ഒത്തൊരുമയുമാണ് നമ്മുടെ രാജ്യത്തെ എന്നും യൗവനയുക്തയാക്കി നിര്‍ത്തുന്നത്. അങ്ങനെയുള്ള ഈ നാടിന്റെ ഹൃദയത്തുടിപ്പുകള്‍ തൊട്ടറിയാന്‍ നിശ്ചയദാര്‍ഢ്യത്തോടെ ഒരു മലയാളി യാത്ര പുറപ്പെടുകയാണ്.

മലയാള നാടിന്റെ തലസ്ഥാന നഗരിയില്‍ നിന്നും അങ്ങ് ദൂരെ നീണ്ട 760-തിലധികം ദിവസങ്ങളിലൂടെ 18,240 മണിക്കൂറുകള്‍ താണ്ടി ഇന്ത്യയുടെ നഗര ഹൃദയങ്ങളിലൂടെയും ഉള്‍ഗ്രാമങ്ങങ്ങളിലൂടെയും കാടും മരുഭൂമിയും മലയോരവും തീരദേശവും പര്‍വത ശിഖരങ്ങളും കടന്നുള്ള അതി സാഹസിക യാത്ര..അതും കാറ്റും വെയിലും കടക്കാത്ത ശീതീകരിച്ച ആഢംബര വാഹനത്തിലല്ല..കൊടും വെയിലും തണുപ്പും മഴയും കാറ്റുമേറ്റ് സന്തത സഹചാരിയായ സ്വന്തം മോട്ടോര്‍ സൈക്കിളില്‍ ഊരുചുറ്റാന്‍ ഒരുങ്ങുകയാണ് തിരുവനന്തപുരം പട്ടം സ്വദേശി ബിജു ബി.പി. ബാങ്ക് ഉദ്യോഗസ്ഥ പദവിയില്‍ നിന്നും താല്‍ക്കാലിക വിരാമമെടുത്താണ് ബിജുവിന്റെ ഈ രണ്ട് വര്‍ഷക്കാലം തുടരുന്ന ഇന്ത്യയെ കാണല്‍ യാത്ര.

ഇത് കേവലമൊരു സഞ്ചാര ഭ്രാന്തോ ഇന്ത്യയുടെ സൗന്ദര്യം തേടിയുള്ള യാത്രയോ അല്ലെന്ന് ബിജു ബി.പി പറയുന്നു. രണ്ടുവര്‍ഷം ഇടതടവില്ലാതെ ആയിരമായിരം മൈലുകള്‍ താണ്ടി സഞ്ചരിക്കുന്ന ഈ യാത്രക്ക് വലിയൊരു സാമൂഹ്യ ലക്ഷ്യവും പ്രതിബദ്ധതയും കൂടിയുണ്ട്. ഇന്ത്യന്‍ പ്രകൃതിയെയും വൈവിധ്യ സംസ്‌കാരത്തെയും തൊട്ടറിയുന്ന ഒരു യാത്ര എന്നതിനോടൊപ്പം സ്ത്രീ ശാക്തീകരണത്തിനും പ്രത്യേകിച്ചും സാക്ഷരതയിലൂന്നിയുള്ള പെണ്‍ സമൂഹത്തിന്റെ ശോഭന ഭാവിക്കായി സമര്‍പ്പിച്ചുള്ള അര്‍ത്ഥപൂര്‍ണ്ണമായ യാത്രയാക്കി മാറ്റുകയാണ് ബിജു ബി.പിയുടെ ലക്ഷ്യം. മാത്രമല്ല അതത് ദിവസത്തിന്റെ പ്രത്യേകതയ്‌ക്കൊപ്പം അതിന്റെ പ്രാധാന്യം കൂടി വിഷയാസ്പദമാക്കി ആയിരിക്കും മൈലുകള്‍ താണ്ടിയുള്ള ഈ ഒറ്റയാള്‍ പ്രയാണം.

നവംബറില്‍ ആരംഭിക്കുന്ന വലിയ ചെലവേറിയ പാന്‍-ഇന്ത്യ സാഹസികത യാത്രക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ വളരെ സജീവമായി നടക്കുകയാണ്. യാത്രയുടെ ലക്ഷ്യം, കാഴ്ചകള്‍, കണ്ടെത്തലുകള്‍, പ്രതികരണങ്ങള്‍, അങ്ങനെ ഓരോ ചുവടുവയ്പ്പും സമയബന്ധിതമായി പുറം ലോകത്തെ അറിയിച്ച് യാത്രയെ ജനകീയമാക്കാനാണ് ബിജുവിന്റെ ലക്ഷ്യം. അതിനുവേണ്ടുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സജ്ജമായി കഴിഞ്ഞു. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, യൂട്യൂബ് അടക്കമുള്ള ജനപ്രിയ നവമാധ്യമങ്ങളില്‍ ‘ബിജു ബി.പി ട്രാവല്‍’ (Biju BP Travel) എന്ന അക്കൗണ്ടിലൂടെ യാത്രയുടെ അപ്‌ഡേറ്റുകള്‍ നമുക്ക് ലഭിക്കും.

ഇതിന്റെ ഭാഗമായുള്ള വെബ്‌സൈറ്റിന്റെ പ്രകാശനം രാഷ്ട്രീയ സാമൂഹ്യ-സാംസ്കാരിക വ്യക്തിത്വങ്ങളുടെയും സൗഹൃദങ്ങളുടെയും സാന്നിധ്യത്തിൽ ഗാന്ധി ജയന്തി ദിനമായ 2023 ഒക്ടോബര്‍ 2-ന് വൈകുന്നേരം 4:30-ന് തിരുവനന്തപുരം തമ്പാനൂരിലെ അപ്പോളോ ഡിമോറ ഹോട്ടലില്‍ നടക്കുകയാണ്. ഈ അസുലഭ നിമിഷങ്ങള്‍ക്ക് സാന്നിധ്യം അറിയിക്കുന്നതിനൊപ്പം ‘ബിജു ബി.പി ട്രാവല്‍’ എന്ന നവമാധ്യമ സങ്കേതങ്ങള്‍ പിന്തുടര്‍ന്ന് ഇന്ത്യയുടെ മനസറിയാനും സാക്ഷര വിദ്യയിലൂടെ പെണ്‍കുട്ടികളെ ശാക്തീകരിക്കുന്ന സാമൂഹ്യ ഉത്തരവാദിത്തമേറ്റ് നടത്തുന്ന ഈ അപൂര്‍വ യാത്രയുടെ ഭാഗമാകാനും നമുക്ക് കൈകോര്‍ക്കാം. യാത്രയ്ക്കും ബിജു ബി.പിക്കും ഗള്‍ഫ് ഐ 4 ന്യൂസിന്റെ ഹൃദയാഭിവാദ്യങ്ങള്‍…

NB: വിശദാംശങ്ങൾക്ക് വിളിക്കാം..

+91- 999 535 1572 / +91- 91 43 500 500 

email – bijubptravel@gmail.com 

website – www.bijubp.travel