അല്‍ നിയാദിയെ സ്‌നേഹത്താല്‍ പൊതിഞ്ഞ് യു.എ.ഇ; സ്വീകരിച്ചത് ഭരണാധികാരികള്‍ നേരിട്ടെത്തി

Share

അബുദബി: ആറുമാസക്കാലത്തെ ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തിയ സുല്‍ത്താന്‍ അല്‍ നിയാദി യുഎഇ-യില്‍ തിരിച്ചെത്തി. പ്രാദേശിക സമയം 5 മണിയോടെ അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ നിയാദിക്ക് വീരോചിത വരവേല്‍പ്പാണ് ജന്‍മനാട് ഒരുക്കിയത്. യു.എ.ഇ പ്രസിഡന്റും അബുദബി ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷേയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, അല്‍ നിയാദിയുടെ കുടുംബാഗംങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വന്‍ ജനാവലിയാണ് അല്‍ നിയാദിയെ സ്വീകരിക്കാന്‍ എത്തിയത്. നൂറുകണക്കിന് കുട്ടികള്‍ ദേശീയ പതാക ഉയര്‍ത്തിക്കാട്ടി അല്‍ നിയാദിയെ അഭിവാദ്യം ചെയ്തു. അബുദബിയില്‍ രാജ്യം നല്‍കുന്ന ഔദ്യോഗിക സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം അല്‍ നിയാദി ജന്‍മനാടായ അലൈനിലേക്ക് പോകും.

ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കിയ നെയാദി ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് വംശജന്‍ എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. 186 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച ശേഷം 2023 സെപ്തംബര്‍ നാലിനാണ് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ അദ്ദേഹം തിരിച്ചെത്തിയത്. ഈ ആറുമാസ ദൗത്യത്തിനിടയില്‍ 200-ഓളം പരീക്ഷണങ്ങളും അദ്ദേഹം പൂര്‍ത്തീകരിച്ചു. സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ എന്ന പേടകം 17 മണിക്കൂര്‍ നീണ്ട പറക്കലിന് ശേഷമാണ് ബഹിരാകാശത്ത് നിന്നും ഫ്‌ലോറിഡ തീരത്ത് പതിച്ചത്. നാസ ബഹിരാകാശ യാത്രികരായ സ്റ്റീഫന്‍ ബോവന്‍, വുഡി ഹോബര്‍ഗ്, റഷ്യന്‍ ബഹിരാകാശ സഞ്ചാരി ആന്ദ്രേ ഫെഡ്യേവ് തുടങ്ങിയവരും അല്‍ നെയാദിക്കൊപ്പമുണ്ടായിരുന്നു. ബഹിരാകാശ ദൗത്യം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇതൊരു തുടക്കം മാത്രമാണെന്നും ദൗത്യത്തില്‍ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും അന്‍ നെയാദി പറഞ്ഞു.