സോളാര്‍ കേസ് ഗൂഢാലോചന; ഗണേഷ് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പുന്നക്കന്‍ മുഹമ്മദലി

Share

ദുബായ്: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ജനകീയ മുഖവും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും കേരള മുഖ്യമന്ത്രിയും 53 വര്‍ഷക്കാലം പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്ത ഉമ്മന്‍ചാണ്ടി എന്ന മഹാ മനുഷ്യനെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെതിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് യു.എ.ഇ ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു. ഈ രാഷ്ട്രീയ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസ് (ബി) നേതാവും പത്തനാപുരം എം.എല്‍.എ-യുമായ കെ.ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണെന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. സോളാര്‍ ലൈംഗികാരോപണ കേസില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന സി.ബി.ഐ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലും ഗൂഢാലോചനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് കെ.ബി ഗണേഷ് കുമാറാണെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്ന സാഹചര്യത്തിലും അദ്ദേഹത്തിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു. സോളാര്‍ കേസില്‍ സി.പി.എം നേതാക്കളോടൊപ്പം ചേര്‍ന്ന് ജനകീയനായ ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ കുടുക്കുകയും, അദ്ദേഹത്തെയും കുടുംബത്തെയും അപമാനിച്ചും രാഷ്ട്രീയമായി അപകീര്‍ത്തിപ്പെടുത്തിയും യു.ഡി.എഫിന്റെ തുടര്‍ ഭരണം ഇല്ലാതാക്കിയ ഗണേഷ് കുമാര്‍ തന്റെ എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നും പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. ഈ രാഷ്ട്രീയ വഞ്ചനയ്ക്കും കൊള്ളരുതായ്മക്കെതിരെയും ജനാധിപത്യ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണമെന്നും പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.