മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

Share

News Desk: മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ ഇന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയതെന്ന പ്രത്യേകതയുമുണ്ട്. കറപുരണ്ട പല്ലുകള്‍ കാട്ടിയുള്ള ഭയപ്പെടുത്തുന്ന ചിരി, നരച്ച താടിയും മുടിയും കഴുത്തില്‍ ജപമാല അങ്ങനെ വേറിട്ട വേഷപ്പകര്‍ച്ചയോടെയാണ് മമ്മൂട്ടി ഭ്രമയുഗത്തിലെത്തുന്നത്. പ്രേക്ഷ-നിരൂപക പ്രശംസ നേടിയ ഭൂതകാലം സിനിമയ്ക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ സിനിമയാണ് ഭ്രമയുഗം. നായകനാണോ വില്ലനോണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം പ്രേക്ഷകരെ അതിശയിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയിലും ഒറ്റപ്പാലത്തുമായാണ് ‘ഭ്രമയുഗം’ ചിത്രീകരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവര്‍ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം: ഷെഹനാദ് ജലാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ജോതിഷ് ശങ്കര്‍, എഡിറ്റര്‍: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യര്‍, സംഭാഷണങ്ങള്‍: ടി ഡി രാമകൃഷ്ണന്‍, മേക്കപ്പ്: റോനെക്‌സ് സേവ്യര്‍, കോസ്റ്റംസ് : മെല്‍വി ജെ.’ഭ്രമയുഗം’ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ഒരേസമയം 2024-ന്റെ തുടക്കത്തില്‍ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്യും. ശബരിയാണ് പിആര്‍ഒ