നിങ്ങളുടെ കൈവശമുള്ളത് പരിശുദ്ധിയുള്ള സ്വര്‍ണമാണോ? വിശദാംശങ്ങൾ അറിയാം

Share

ദുബായ്: മലയാളിയുടെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണ് സ്വര്‍ണം. ഒരു ആലങ്കാരിക വസ്തു എന്നതിനേക്കാള്‍ സ്വര്‍ണത്തെ ഒരു സുരക്ഷിത നിക്ഷേപമായാണ് നമ്മള്‍ കാണുന്നത്. അതുകൊണ്ടുതന്നെ സ്വര്‍ണത്തിന്റെ മൂല്യം നാള്‍ക്കുനാള്‍ ഉയരുകയാണ്. 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ ഗൗരവമായ നോട്ടം സ്വര്‍ണത്തിലേക്ക് മാറിയത്. അതായത് സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ നഷ്ടമുണ്ടാകില്ലെന്ന ഒരു വിശ്വാസം ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ശക്തമാണ്. 2007 കാലഘട്ടത്തില്‍ പവന് 10,000 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് ഇന്ന് വില മൂന്നിരട്ടിയിലധികമാണ്. അതായത് 40000-ത്തിന് മുളിലാണ്. എന്നാല്‍ ഈ സ്വര്‍ണവില നിശ്ചയിക്കുന്നതാര് എന്ന നമ്മള്‍ ചിന്തിച്ചിട്ടുണ്ടൊ?

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ചാണ് ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല എന്നതാണ് പ്രത്യേകത. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെങ്കിലും നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് രാജ്യത്ത് സ്വര്‍ണത്തിന് വില നിശ്ചയിക്കുന്ന്ത്. സ്വര്‍ണത്തിന്റെ ആവശ്യമനുസരിച്ച് ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ ഈ അസോസിയേഷനുകള്‍ പലപ്പോഴും വില പുതുക്കാറുണ്ട്.

ഇനി സ്വര്‍ണത്തിന്റെ പരിശുദ്ധി എങ്ങനയാണ് കണക്കാക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? നമുക്കറിയാം കാരറ്റ് (karta) അടിസ്ഥാനപ്പെടുത്തിയാണ് സ്വര്‍ണത്തിന്റെ അളവും പരിശുദ്ധിയും നിശ്ചയിക്കുന്നത്. കാരറ്റിന്റെ നിലവാരം കൂടുന്നതിന് അനുസരിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി കൂടും. പ്രധാനമായും 24 k, 22 k, 18 k എന്നീ നിലവാരങ്ങളിലാണ് സ്വര്‍ണം ഇന്ത്യയില്‍ ലഭ്യമാകുന്നത്. 24 കാരറ്റിനെ വിശേഷിപ്പിക്കുന്നത് പരിശുദ്ധ സ്വര്‍ണം എന്നാണ്. അതായത് സ്വര്‍ണത്തിന്റെ 24 ഭാഗങ്ങളിലും മറ്റൊരു ലോഹത്തിന്റെയും അംശമുണ്ടായിരിക്കില്ല എന്നര്‍ത്ഥം. 99.99 ശതമാനമായിരിക്കും 24 കാരറ്റിന്റെ പരിശുദ്ധി. 24 കാരറ്റിന് മുകളില്‍ നിലവാരമുള്ള സ്വര്‍ണം വിപണിയിലില്ല എന്നതും ശ്രദ്ധേയമാണ്. സാധാരണ ആഭരണ നിര്‍മ്മാതാക്കള്‍ 24 k സ്വര്‍ണം ഉപയോഗിക്കാറില്ല. കാരണം 24 k സ്വര്‍ണത്തിന് സാന്ദ്രത കുറവാണ് അതുകൊണ്ട് ഇവ മൃദുവായിരിക്കും, എളുപ്പത്തില്‍ വളയുകയും ചെയ്യും. പൊതുവേ സ്വര്‍ണക്കട്ടികളും നാണയങ്ങളുമാണ് 24 k നിലവാരത്തിലെത്തുന്നത്.

എന്നാല്‍ ആഭരണ നിര്‍മാതാക്കള്‍ 22 കാരറ്റ് സ്വര്‍ണത്തെയാണ് ആശ്രയിക്കുന്നത്. 22 കാരറ്റ് സ്വര്‍ണത്തില്‍ 91.67 ശതമാനം ശുദ്ധമായ സ്വര്‍ണവും ബാക്കി 8.33 ശതമാനം വെള്ളി, നാകം, ലോഹക്കൂട്ടുകള്‍ എന്നിവയുടെ അംശങ്ങളുമായിരിക്കും അടങ്ങുക. മറ്റു ലോഹങ്ങള്‍ ചേരുന്നതിനാല്‍ സ്വര്‍ണത്തിന് കൂടുതല്‍ ദൃഢത ലഭിക്കുകയും ചെയ്യും. അതുകൊണ്ടാണ് ആഭരണങ്ങളുടെ നിര്‍മാണത്തിന് 22 കാരറ്റ് സ്വര്‍ണം വ്യാപകമായി ഉപയോഗിക്കുന്നത്. എന്താണ് 18 കാരറ്റ് സ്വര്‍ണം? 18 കാരറ്റ് സ്വര്‍ണത്തില്‍ 75 ശതമാനമായിരിക്കും ശുദ്ധമായ സ്വര്‍ണത്തിന്റെ സാന്നിധ്യം. ബാക്കി 25 ശതമാനം ചെമ്പ്, വെള്ളി മുതലായ ലോഹങ്ങള്‍ കയ്യടക്കും. കല്ലു പതിപ്പിച്ച സ്വര്‍ണാഭരണങ്ങളിലും വജ്രാഭരണങ്ങളിലും 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിച്ച് വരുന്നത്. അപ്പോള്‍ മനസിലാക്കുക. 24 കാരറ്റ് – 100 ശതമാനം പരിശുദ്ദിയുള്ള സ്വര്‍ണമാണ്, 22 കാരറ്റ് സ്വര്‍ണത്തിന് – 91.7 ശതമാനമാണ് പരിശുദ്ധി, 18 കാരറ്റ് – 75 ശതമാനവും 14 കാരറ്റിന് – 58.3 ശതമാനവും 12 കാരറ്റിന് – 50 ശതമാനവുമാണ് പരിശുദ്ധിയുള്ളത്..