ശാന്തന്‍പാറ സി.പി.എം ഓഫീസ് വിഷയം; കോടതി നിര്‍ദ്ദേശത്തെ ധിക്കരിച്ച് ഇടുക്കി സെക്രട്ടറി

Share

ഇടുക്കി: കോടതിയലക്ഷ്യ പ്രസ്താവനയുമായി സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. മൂന്നാറിലെ സിപിഎം ഓഫീസിന്റെ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവന പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ ധിക്കരിച്ച് വെല്ലുവിളി നടത്തിയിരിക്കുകയാണ് സി.വി വര്‍ഗീസ്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്നും 50 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ശാന്തന്‍പാറിലെ ഏരിയ കമ്മറ്റി ഓഫീസ് അനധികൃതമാണെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സി.വി വര്‍ഗീസ് പറഞ്ഞു. വീട്ടില്‍ പട്ടിണി കിടക്കുമ്പോഴും പാര്‍ട്ടി സഖാക്കള്‍ പണം നല്‍കി നിര്‍മ്മിച്ച ഓഫീസാണിതെന്നും നിയമപരമായ വ്യവസ്ഥകള്‍ ഉപയോഗിച്ച് കോടതി വിധിയെ നേരിടുമെന്നും സി.വി വര്‍ഗീസ് പറഞ്ഞു. ശാന്തന്‍പാറ സിപിഎം ഓഫീസ് കേസുമായി ബന്ധപ്പെട്ട് യാതൊരുവിധ പരസ്യ പ്രസ്താവനയും പാടില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നിലനില്‍ക്കെയാണ് സി.വി വര്‍ഗീസിന്റെ പ്രതികരണം.

വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അമിക്കസ് ക്യൂരിക്കോ ജില്ലാ കലക്ടര്‍ക്കോ എതിരെ സംസാരിക്കാന്‍ പാടില്ലെന്നും കോടതി ഉത്തരവുകള്‍ നടപ്പാക്കുകയാണ് അവര്‍ ചെയ്യുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ഈ വിഷയത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ രേഖാമൂലം അറിയിക്കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് ഇടുക്കി ജില്ലാ സെക്രട്ടറി പരസ്യ പ്രസ്താവന നടത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശാന്തന്‍പാറയില്‍ സിപിഎം ഓഫീസ് നിര്‍മ്മിച്ചതിന് ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരെ കോടതിയലക്ഷ്യ കേസ് നിലനില്‍ക്കുമ്പോഴാണ് വീണ്ടും കോടതിയലക്ഷ്യ പ്രതികരണവുമായി അദ്ദേഹം രംഗത്തു വന്നിരിക്കുന്നത്.