500 കോടി ക്ലബ്ബിലേക്ക് ഗദര്‍-2; കളക്ഷനില്‍ കിംഗ് ഓഫ് കൊത്തയെ പിന്തള്ളി RDX

Share

ഡല്‍ഹി: റിലീസ് ചെയ്ത് മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ 500 കോടി ക്ലബ്ബില്‍ ഇടംപിടിക്കാന്‍ ഒരുങ്ങുകയാണ് ഗദര്‍ 2. അനില്‍ ശര്‍മ സംവിധാനം ചെയ്ത സണ്ണി ഡിയോള്‍ ചിത്രം ഗദര്‍ 2 ബോക്സോഫീസില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ മാസം പതിനൊന്നിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. 2001-ലെ ഗദര്‍ ഒന്നാം ഭാഗത്തിന് ശേഷം സണ്ണി ഡിയോളും അമീഷ പട്ടേലും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗദര്‍-2. റിലീസ് ചെയ്ത് 22 ദിവസം കൊണ്ട് ചിത്രം സ്വന്തമാക്കിയത് 487.65 കോടിയാണ്. 60 കോടി മുതല്‍ മുടക്കിലാണ് ഗദര്‍-2 നിര്‍മ്മിച്ചത്.

അതേസമയം ഈയിടെ റിലീസ് ചെയ്ത ‘ആര്‍ഡിഎക്‌സ്’ മുന്‍വിധികളെ മാറ്റിമറിച്ച സിനിമയാണ്. ഓണം റിലീസായി തിയറ്ററിലെത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ വന്‍ പ്രചരണമായിരുന്നു ലഭിച്ചത്. ആ പ്രകടനം ബോക്‌സ് ഓഫീസിലും പ്രതിഫലനമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ ആദ്യവാരം നേടിയ കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നു. എട്ടാം ദിനമായ ഇന്നലെ മാത്രം 3.8 കോടിയില്‍ അധികമാണ് ആര്‍ഡിഎക്‌സ് കളക്ഷന്‍ നേടിയത്. റിലീസ് ചെയ്ത് എട്ട് ദിവസത്തില്‍ ആകെ നേടിയിരിക്കുന്ന കേരള കളക്ഷന്‍ 26 കോടിയോളം രൂപയാണ്. ആഗോള തലത്തില്‍ 40 കോടിയോളം രൂപയുടെ കളക്ഷന്‍ ആണ് ചിത്രം നേടിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വൈകാതെ 50 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഈ കണക്കുകള്‍ പ്രകാരം ഓണത്തിന് റിലീസ് ചെയ്ത ചിത്രങ്ങളില്‍ ശ്രദ്ധേയമായ കിംഗ് ഓഫ് കൊത്തയെ ആര്‍ഡിഎക്‌സ് മറികടന്നെന്നു വേണം അനുമാനിക്കാന്‍. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 36 കോടിയാണ് ദുല്‍ഖര്‍ ചിത്രമായ കിംഗ് ഓഫ് കൊത്ത നേടിയത്. കേരളത്തില്‍ നിന്നും 14.5 കോടി രൂപയാണ് കിംഗ് ഓഫ് കൊത്ത നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.