പ്രതിസന്ധിയിലും ധൂര്‍ത്തോ? 80 ലക്ഷം രൂപ വാടകയ്ക്ക് വീണ്ടും ഹെലികോപ്ടര്‍

Share

തിരുവനന്തപുരം: വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പ് ചൂടുള്ള ചർച്ചകൾക്ക് വഴിമരുന്നിട്ട് കേരളത്തിലേക്ക് വീണ്ടും  ഹെലികോപ്ടര്‍ എത്തുന്നു. ഒരു മാസം 80 ലക്ഷം രൂപയ്ക്ക് ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ 2023 മാര്‍ച്ച് മാസത്തിലെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനം സമാനതകളില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് മുഖ്യമന്ത്രിയ്ക്ക് വേണ്ടി പൊതുഖജനാവിൽ നിന്നും വന്‍ തുക നല്‍കി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി സ്വകാര്യ കമ്പനിയുമായി കരാറൊപ്പിടാന്‍ അന്തിമ തീരുമാനമായതായും 2023 സെപ്റ്റംബർ ആദ്യ ആഴ്ചയോടെ  ഹെലികോപ്ടര്‍ തിരുവനന്തപുരത്ത് എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്സന്‍ ഏവിയേഷന്‍ എന്ന സ്വകാര്യ കമ്പനിയാണ് കേരളത്തിനായി ഹെലികോപ്ടര്‍ വാടകയ്ക്ക് നല്‍കുന്നത്. ഒരു മാസം കേവലം 20 മണിക്കൂര്‍ നേരം പറക്കുന്നതിനാണ് 80 ലക്ഷം രൂപ വാടകയായി വാങ്ങുന്നത്. നിശ്ചിത മണിക്കൂറില്‍ കൂടുതല്‍ പറന്നാല്‍ തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ അധികം നല്‍കേണ്ടി വരുമെന്നാണ് കരാറിലെ വ്യവസ്ഥ. പൈലറ്റ് ഉള്‍പ്പെടെ 11 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന സൗകര്യങ്ങളടങ്ങിയ ഹെലികോപ്ടറാണ് ചിപ്സന്‍ ഏവിയേഷന്‍ കേരളത്തിനായി നല്‍കുന്നത്.

മാവോയിസ്റ്റ് നിരീക്ഷണം, ദുരന്തമേഖലയിലെ പ്രവര്‍ത്തനം തുടങ്ങി പൊലീസിന്റെ ആവശ്യങ്ങള്‍ക്കാണ് ഹെലികോപ്ടര്‍ വാങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണമെങ്കിലും പ്രധാനമായും മുഖ്യമന്ത്രിയുടെ യാത്രകള്‍ക്കായിരിക്കും ഹെലികോപ്ടര്‍ ഉപയോഗിക്കുക. 2020-ലായിരുന്നു കേരള സര്‍ക്കാര്‍ ആദ്യമായി ഹെലികോപ്ടര്‍ വാടകയ്‌ക്കെടുത്തത്. സാമ്പത്തിക പ്രതിസന്ധി ഘട്ടത്തില്‍ എടുത്ത തീരുമാനം വന്‍ ധൂര്‍ത്താണെന്ന് ആക്ഷേപം ഉയര്‍ന്നതോടെ അതിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ പിന്നീട് കരാര്‍ പുതുക്കിയിരുന്നില്ല. രണ്ടര വര്‍ഷത്തിനുശേഷമാണ് വീണ്ടും മുഖ്യമന്ത്രിക്കായി ഹെലികോപ്ടര്‍ എത്തുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ മന്തിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സർക്കാർ തീരുമാനം ധൂർത്തെന്ന് വിമർശിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചെലവ് ചുരുക്കാൻ അടിക്കടി ഉപദേശിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്നും പറയുന്നതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ നീക്കത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധന പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിന് ദൈനംദിന ചെലവുകൾക്കുള്ള പണം പോലും കണ്ടെത്താനാവുന്നില്ല. ഈ സാഹചര്യത്തിലും മാസം 80 ലക്ഷം രൂപ ചെലവിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കുകയാണ്. 5 ലക്ഷം രൂപയുടെ ചെക്കുകൾ പോലും ട്രഷറിയിൽ മാറ്റാനാകാത്ത അവസ്ഥയാണ്. അപ്പോഴാണ് മുഖ്യമന്ത്രിക്ക് 20 മണിക്കൂർ പറക്കാൻ 80 ലക്ഷം മുടക്കി ഹെലികോപ്റ്റർ കൊണ്ടുവരുന്നത് എന്തിന് വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.