കേന്ദ്രവിഹിതം കിട്ടുന്നില്ല; നിയമനടപടി ആലോചിക്കുമെന്ന് കേരള ധനമന്ത്രി

Share

തിരുവനന്തപുരം: കേരളത്തിന് കിട്ടാനുള്ള കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചിക്കുകയാണെന്നും ഇതിനുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകരുമായി കൂടിയാലോചിക്കുകയാണെന്നും കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര നിലപാട് കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെ പറ്റി കോണ്‍ഗ്രസുകാര്‍ ഒരക്ഷരംപോലും മിണ്ടുന്നില്ലെന്നും പകരം ഇടതു സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി സംസ്ഥാനത്താകെ കടം കയറിയെന്ന നിലയിലാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതെന്നും ബാലഗോപാല്‍ കുറ്റപ്പെടുത്തി.

നിലവില്‍ തുടരുന്ന ട്രഷറി നിയന്ത്രണം ഈ മാസം കഴിഞ്ഞാല്‍ പിന്‍വലിക്കാനാകുമെന്ന് ധനമന്ത്രി അറിയിച്ചു. ഓണക്കാലത്ത് ബില്ലുകള്‍ അധികം എത്തുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും ട്രഷറിയില്‍ നിന്ന് നിത്യചെലവുകള്‍ക്കുള്ള ബില്ലുകളുടെ പരിധി അഞ്ച് ലക്ഷമാക്കി ചുരുക്കിയിരുന്നതായും ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. മുന്‍വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ തുക ഇത്തവണ ഓണത്തിന് നിയന്ത്രണങ്ങളോടെയെങ്കിലും ചെലവാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.