സ്കൂൾ പരിസരങ്ങളിൽ ജാഗ്രത വേണം; നിർദ്ദേശവുമായി ദുബായ് പോലീസ്

Share

ദുബായ്: ദുബായില്‍ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന ഈ മാസം 28 തിങ്കളാഴ്ച അപകടങ്ങളില്ലാത്ത ഒരു ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ദുബായ് പോലീസ്. റോഡ് സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുക, ട്രാഫിക് നിയമങ്ങള്‍ പാലിക്കുക, മാര്‍ഗതടസ്സങ്ങളില്ലാതെ കുട്ടികള്‍ക്ക് സ്‌കൂളിലെത്താന്‍ കഴിയുക എന്നതാണ് ഈ ക്യാമ്പയിനിലൂടെ ദുബായ് പോലീസ് ലക്ഷ്യമിടുന്നത്. സ്‌കൂള്‍ പരിസരങ്ങളില്‍ വേഗപരിധി പാലിക്കണമെന്നും ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. നിശ്ചിത ട്രാക്കുകളിലൂടെ മാത്രം വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കണമെന്നും ക്ഷീണമുള്ള സമയം വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്നും സ്‌കൂള്‍ ബസുകളിലെ ഡ്രൈവര്‍മാര്‍ നല്‍കുന്ന ട്രാഫിക് ചിഹ്നങ്ങള്‍ അവഗണിക്കരുതെന്നും ദുബായ് പോലീസിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി ആവശ്യപ്പെട്ടു.

കൂട്ടുത്തരവാദിത്വബോധം, പരസ്പരമുള്ള സാമൂഹ്യ സഹകരണം എന്നിവ മെച്ചപ്പെടുത്തുക ഒപ്പം ട്രാഫിക് നിയമലംഘനങ്ങള്‍ ഒഴിവാക്കാനും അപകട നിരക്ക് കുറയ്ക്കാനുമാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുതാല്‍പ്പര്യം നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ തുറക്കുന്നതിന്റെ ആദ്യ ദിനം തന്നെ കാമ്പയിനായി തെരഞ്ഞെടുത്തത്. സ്‌കൂള്‍ സോണുകളില്‍ വേഗപരിധി ലംഘിച്ചാല്‍ 300 ദിര്‍ഹം മുതല്‍ 3000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. അബുദബിയില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ കുട്ടികളെ ഇറക്കുകയും കയറ്റുകയും ചെയ്യുമ്പോള്‍ മണിക്കൂറില്‍ 30 കിലോമീറ്ററില്‍ കൂടരുത്. അതേസമയം, ദുബായിലെയും ഷാര്‍ജയിലെയും വേഗത പരിധി മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്.