സര്‍ക്കാര്‍-ബാങ്ക് ജീവനക്കാര്‍ക്ക് കോളടിച്ചു; 5 ദിവസം തുടര്‍ അവധി

Share

തിരുവനന്തപുരം: കേരളത്തിലെ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തുടര്‍ച്ചയായ 5 ദിവസങ്ങളില്‍ അവധി. പൊതു അവധിയായ ഞായറാഴ്ച, ഓണം, ശ്രീനാരായണ ഗുരു ജയന്തി എന്നിവയുമായി ബന്ധപ്പെട്ടാണ് തുടര്‍ച്ചയായ അവധി ദിവസങ്ങള്‍ ലഭിക്കുന്നത. ഈ മാസം 27 മുതലുള്ള അഞ്ച് ദിവസങ്ങളില്‍ കേരളത്തിലെ ബാങ്കുകള്‍ക്ക് തുടര്‍ച്ചയായി അവധിയായിരിക്കും. 27 ഞായറാഴ്ചയും തൊട്ടടുത്ത ദിവസം ഒന്നാം ഓണമായ ഉത്രാടവുമാണ്. ഓണത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച തിരുവോണമാണ്. തുടര്‍ന്ന് 30-ന് മൂന്നാം ഓണവും 31-ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്. ചുരുക്കത്തില്‍ തുടര്‍ച്ചയായി അഞ്ച് ദിവസം ബാങ്കുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തുടര്‍ച്ചയായി അവധിയായിരിക്കും.

സെപ്റ്റംബര്‍ മാസത്തിലും ബാങ്കുകള്‍ക്ക് ധാരാളം അവധി ദിനങ്ങളുണ്ട്. ഏതാണ്ട് ഒന്‍പത് അവധി ദിനങ്ങളാണ് സെപ്റ്റംബര്‍ മാസത്തിലുള്ളത്. 3, 10, 17, 24 ദിവസങ്ങള്‍ ഞായറാഴ്ചയും ആറിന് ശ്രീകൃഷ്ണ ജന്മാഷ്ടമിയുമാണ്. സെപ്റ്റംബര്‍ ഒന്‍പത് രണ്ടാം ശനിയും നാലാം ശനിയാഴ്ചയായ 23-നും ബാങ്ക് അവധിയാണ്. കൂടാതെ 22-ന് ശ്രീനാരായണ ഗുരു സമാധി ദിനത്തിലും 27-നുള്ള നബിദിനത്തിലും അവധി ബാധകമാണ്. തുടര്‍ച്ചയായ ബാങ്ക് അവധി ദിനങ്ങള്‍ കാരണം പണമിടപാടുകള്‍ക്ക് തടസം നേരിടാതിരിക്കാന്‍ എടിഎമ്മുകളില്‍ പരമാവധി പണം നിറയ്ക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.