എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി; കോഴിക്കോട്-ദുബായ് യാത്ര മുടങ്ങി

Share

കോഴിക്കോട്: ദുബായിലേക്ക് ഇന്ന് (23.08.23) രാവിലെ 8.30-ന് കോഴിക്കോട് നിന്നും പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. സാങ്കേതികത്തകരാറ് കാരണമാണ് യാത്ര റദ്ദാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. എല്ലാവരുടെയും എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യാത്ര റദ്ദാക്കുന്നതായുള്ള വിവരം വിമാന അധികൃതര്‍ യാത്രക്കാരെ അറിയിക്കുന്നത്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം റദ്ദാക്കുന്നതെന്നുള്ള അറിയിപ്പാണ് യാത്രക്കാര്‍ക്ക് ഔദ്യോഗികമായി ലഭിച്ചത്. യാത്രക്കായുള്ള പകരം സംവിധാനത്തെ കുറിച്ചുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.

വിമാനത്തിന്റെ തകരാര്‍ പരിഹരിച്ച് യാത്ര പുനക്രമീകരിക്കുകയോ ഇന്നു വൈകുന്നേരം ഏഴ് മണിക്കുള്ള മറ്റൊരു വിമാനത്തില്‍ ദുബായിലേക്ക് കയറ്റി വിടുകയോ ചെയ്യുമെന്ന് ഡെപ്യൂട്ടി മാനേജര്‍ യാത്രക്കാരെ വാക്കാല്‍ അറിയിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ അവരെ ഹോട്ടലിലേക്ക് മാറ്റുമെന്നും എന്നാല്‍ അടുത്തുള്ളവര്‍ക്ക് വീട്ടില്‍ പോയി തിരികെ വരാമെന്നുമാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാരോട് ഇന്നു വൈകീട്ട് അഞ്ചിന് മുമ്പായി വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.