സുരക്ഷിതമായി വാഹനമോടിക്കൂ; ബ്ലാക്ക് പോയിന്റുകളില്‍ ഇളവ് നേടൂ..

Share

ദുബായ്: രണ്ടു മാസത്തെ അവധിക്കുശേഷം ദുബായിലെ സ്‌കൂളുകള്‍ ഈ മാസം 28-ന് തുറക്കുകയാണ്. അപകട രഹിത ദിനമായി ആചരിക്കുന്ന അന്നേ ദിവസം സുരക്ഷിതമായി വാഹനമോടിക്കുന്നവരുടെ ബ്ലാക്ക് പോയിന്റുകളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ ആഭ്യന്തര മന്ത്രാലയം. ഈ ഇളവ് ലഭിക്കാനായി അധ്യയന വര്‍ഷത്തിന്റെ ആദ്യ ദിവസം സുരക്ഷിതമായി വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ബ്ലാക്ക്് പോയിന്റ് റെക്കോര്‍ഡ്‌സില്‍ നിന്ന് നാല് ട്രാഫിക് പോയിന്റുകള്‍ കുറയുമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിച്ചിട്ടുണ്ട്. രണ്ട് മാസത്തെ വേനല്‍ക്കാല അവധിക്ക് ശേഷം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് മടങ്ങുമ്പോള്‍ ട്രാഫിക് നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, സുരക്ഷിതമായ ഡ്രൈവിംഗ് എന്നിവയെക്കുറിച്ച് പൗരന്മാരെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപയിന് തുടക്കം കുറിച്ചിരിക്കുന്നത്.

ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്കെതിരെ ചുമത്തുന്ന ശിക്ഷാ നടപടിയാണ് നെഗറ്റീവ് പോയിന്റുകള്‍. ഇത്തരത്തില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ 24 നെഗറ്റീവ് പോയിന്റുകള്‍ ചുമത്തപ്പെട്ടാല്‍ അവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന സഹാചര്യമുണ്ടായേക്കാം. ലൈസന്‍സിലെ ബ്ലാക്ക് പോയിന്റുകളില്‍ ഇളവ് ലഭിക്കാന്‍ സ്‌കൂള്‍ തുറക്കുന്ന ആദ്യ ദിവസം ഓഗസ്റ്റ് 28 ന് സുരക്ഷിതമായി വാഹനമോടിക്കുമെന്ന് മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രതിജ്ഞയെടുക്കണം. ഈ ദിവസം ഗതാഗത നിയമലംഘനം നടത്തുകയോ അപകടങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യരുതെന്നാണ് പ്രതജ്ഞയില്‍ പറയുന്നത്.