ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ റിസര്‍വ് പ്ലെയര്‍

Share

മുംബൈ: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഒഴിവാക്കി ഏഷ്യാകപ്പ് ഏകദിന ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സഞ്ജുവിനെ റിസര്‍വ് താരമായാണ് സെലക്ഷന്‍ കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. പരിക്കേറ്റ് പുറത്തായിരുന്ന കെ.എല്‍.രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. അതേസമയം ഏകദിനത്തില്‍ മോശം പ്രകടനം തുടരുന്ന സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. യുവതാരം തിലക് വര്‍മ, പേസര്‍ പ്രസിദ് കൃഷ്ണ എന്നിവും ടീമില്‍ ഇടം പിടിച്ചു. അയര്‍ലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയിലൂടെ തിരിച്ചുവരവ് അറിയിച്ച പേസര്‍ ജസ്പ്രീത് ബുംറയും ടീമിന്റെ ഭാഗമാകും. അജിത് അഗാര്‍ക്കര്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റിയാണ്് ടീമിനെ പ്രഖ്യാപിച്ചത്.

ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ നാലിന് നേപ്പാളിനെതിരേ നടക്കുന്ന മത്സരത്തിന ശേഷം ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. രോഹിത് ശര്‍മ നയിക്കുന്ന 17 അംഗ ടീമില്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍, ഷര്‍ദുല്‍ ഠൂക്കൂര്‍, അക്ഷര്‍ പട്ടേല്‍, സുര്യകുമാര്‍ യാദവ്, തിലക് വര്‍മ, പ്രസിദ് കൃഷ്ണ എന്നിവരും റിസര്‍വ് പ്ലെയറായി സഞ്ജു സാംസണും ഉണ്ടാകും.