മാതൃകയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്; ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്

Share

മുംബൈ: അവസരം മുതലാക്കി പ്രവാസികളെ പിഴിയുന്ന ചില വിമാനക്കമ്പനികളില്‍ നിന്നും വ്യത്യസ്തമായി പ്രത്യേക നിബന്ധനകളോടെ ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിരിക്കുകയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. നിലവില്‍ ഖത്തറിലെ ദോഹയില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമുള്ള ടിക്കറ്റുകള്‍ക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സൗദിയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 15 ശതമാനം വരെയും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 10 ശതമാനവുമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ നിരക്കിളവ് ലഭിക്കുക. ഇക്കോണമി ക്ലാസ്സുകള്‍ക്കും, ബിസിനസ് ക്ലാസ്സുകള്‍ക്കും നിരക്കിളവ് ബാധകമായിരിക്കുമെന്നും എന്നാല്‍ ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

2023 ഓഗസ്റ്റ് 17 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള ബുക്കിംഗുകള്‍ക്കാണ് നിലവില്‍ ഈ ഓഫർ ലഭിക്കുക. ഈ കാലയളവില്‍ എടുക്കുന്ന ടിക്കറ്റുകളുമായി 2023 സെപ്റ്റംബര്‍ 1 മുതല്‍ 2023 ഒക്ടോബര്‍ 31-വരെ ഇന്ത്യയില്‍ നിന്ന് സാര്‍ക് രാജ്യങ്ങളിലേക്കും 2023 സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 31-വരെ ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങള്‍, യുകെ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കും  നിരക്കിളവോടെ യാത്ര ചെയ്യാം. മാത്രമല്ല എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ വെബ്സൈറ്റ് വഴിയുള്ള ബുക്കിംഗുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഉണ്ടായിരിക്കില്ലെന്നും മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകൂടി എടുക്കുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ ലോയല്‍റ്റി പോയിന്റുകള്‍ ലഭിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അറിയിച്ചു. അതേസമയം ഈ ഓഫറിന് കീഴിലുള്ള ടിക്കറ്റിന് ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ ബാധകമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഈ നിരക്കിളവ് ഓഫര്‍ ചില ബുക്കിങ്ങുകള്‍ക്ക് ബാധകമായിരിക്കില്ല. അതായത് ഗ്രൂപ്പ് ബുക്കിങ്ങുകള്‍ നടത്തുമ്പോള്‍ ഓഫര്‍ ബാധകമയിരിക്കില്ലെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അറിയിച്ചിരിക്കുന്നത്.