ഓണം കെങ്കേമമാകും; സദ്യവട്ടങ്ങളുമായി എമിറേറ്റ്സ് എയർലൈൻസ്

Share

ദുബായ്: മലയാളിയുടെ ഗൃഹാതുര സ്മരണകളുണര്‍ത്തുന്ന ഓണം ആഘോഷപൂര്‍ണമാക്കാന്‍ ഇത്തവണയും യാത്രക്കാര്‍ക്കായി ഓണസദ്യ ഒരുക്കുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. മുന്‍ വര്‍ഷങ്ങളിലെന്ന പോലെ യാത്രക്കാര്‍ക്കുള്ള മെനുവില്‍ ഇത്തവണയും വിഭവസമൃദ്ധമായ ഓണവിഭവങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചിരിക്കുന്നത്. 2023 ആഗസ്റ്റ് 20 മുതല്‍ 31 വരെ ദുബായില്‍ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള എമിറേറ്റ്സ് യാത്രകളില്‍ ഓണസദ്യ വിതരണം ചെയ്യും. കൊച്ചിയിലേക്കുള്ള യാത്രയില്‍ ആഴ്ചയില്‍ 14 തവണയാണ് എമിറേറ്റ്സ് ഓണസദ്യ വാഗ്ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ 7 തവണയും വ്യത്യസ്ത രുചിക്കൂട്ടുകളുള്ള ഓണസദ്യ യാത്രക്കാര്‍ക്ക് സമ്മാനിക്കും. രുചി വൈവിധ്യങ്ങള്‍ സമ്മേളിക്കുന്ന സദ്യവട്ടങ്ങളിലെ പരമാവധി എല്ലാ വിഭവങ്ങളും എമിറേറ്റ്‌സ് ഓണസദ്യയിലും ഉറപ്പാക്കും.

ശര്‍ക്കര ഉപ്പേരി, വാഴയ്ക്ക ചിപ്പ്‌സ്, കൊണ്ടാട്ടം മുളക്, കാളന്‍, വെള്ളരിക്ക പച്ചടി, പുളി ഇഞ്ചി, മാങ്ങാ അച്ചാര്‍, അവിയല്‍, സാമ്പാര്‍, പപ്പടം, പായസം ഉള്‍പ്പെടെ ഓണത്തിന്റെ സ്വാദിഷ്ടമായ വിഭവങ്ങള്‍ യാത്രക്കാര്‍ക്ക് രുചിയുടെ വ്യത്യസ്ത അനുഭവം സമ്മാനിക്കും. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കടക്കം എല്ലാവര്‍ക്കും കേരളത്തനിമയുള്ള നാടന്‍ സദ്യ വാഴയിലയിലായിരിക്കും വിളമ്പുകയെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു. അതേസമയം സദ്യയോടൊപ്പം നോണ്‍ വെജ് ആവശ്യമുള്ളവര്‍ക്ക് ആലപ്പുഴ പെരുമയുടെ നാടന്‍ ചിക്കന്‍ കറിയും മട്ടന്‍ പെപ്പര്‍ ഫ്രൈയും അടക്കമുള്ള പ്രത്യേക വിഭവങ്ങളും തയ്യാറാക്കുന്നുണ്ട്. ഇത് ആവശ്യക്കാര്‍ക്ക് ഇഷ്ടാനുസരണം തെരഞ്ഞെടുക്കാമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി.