രാജ്യം മണിപ്പൂരിനൊപ്പം; സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി

Share

ഡല്‍ഹി: 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യം മണിപ്പൂരിനൊപ്പമെന്നും മണിപ്പൂരില്‍ സമാധാനം പുലരുമെന്നും സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് കലാപത്തിന്റെ കൊടുങ്കാറ്റാണ് മണിപ്പൂരില്‍ അലയടിച്ചത്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും അപമാനം നേരിടേണ്ടി വന്നു. പക്ഷേ സാവധാനത്തില്‍ അവിടെ സമാധാനം പുലരുകയാണ്. ഇന്ത്യ മണിപ്പൂരിനൊപ്പമാണ്. സമാധാനം തിരികെ കൊണ്ടുവരുന്നതിനായി കേന്ദ്രവും സംസ്ഥാനവും ഒരുപോലെ കൈകോര്‍ത്തു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കുടുംബാംഗങ്ങളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് തന്റെ തുടര്‍ച്ചയായുള്ള പത്താമത്തെ സ്വാതന്ത്ര്യദിന സന്ദേശത്തിലൂടെ രാജ്യത്തെ 140 കോടി ജനങ്ങളെ പ്രധാനമന്ത്രി അഭിമുഖീകരിച്ചത്. മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹ സമരത്തെ പ്രധാനമന്ത്രി കൃതജ്ഞതയോടെ സ്മരിച്ചു. ഭഗത് സിംഗ്, രാജ്ഗുരു, സുഖ് ദേവ് തുടങ്ങിയ സ്വാതന്ത്ര്യ സമരസേനാനികളുടെ ജീവത്യാഗത്തെ പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. ഇവരുടെയെല്ലാം പ്രയത്‌നഫലമാണ് രാജ്യം നേടിയ സ്വാതന്ത്ര്യമെന്ന് മോദി വ്യക്തമാക്കി. രാവിലെ ഇന്ത്യന്‍ സമയം 7:30-ഓടെയാണ് ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തിയത്. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു തുടങ്ങിയത്. നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യന്‍ യുവതയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു എന്നും പറഞ്ഞു