ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ പണം തട്ടിയ പ്രതിയെ തിരിച്ചറിഞ്ഞു; അന്വേഷണം വ്യാപകമാക്കി പോലീസ്

Share

കോഴിക്കോട്: ഡീപ് ഫെയ്ക് വീഡിയോ കോളിലൂടെ മലയാളിയെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷാ ആണ് പ്രതിയെന്ന് കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കോഴിക്കോട് സൈബര്‍ പോലിസ് പ്രതിയുടെ അഹമ്മദാബാദിലെ വീട്ടിലെത്തി പരിശോധന നടത്തി. ഡീപ് ഫെയ്ക് തട്ടിപ്പ് രീതി ഉപയോഗിച്ച് ദുബായ് വിമാനത്താവളത്തില്‍ നിന്ന് പഴയ സുഹൃത്ത് വിളിക്കുകയാണെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയെ വിളിച്ച് പണം തട്ടിയടുത്തെന്നാണ് കേസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ലേണിംഗ് അല്‍ഗോരിതങ്ങളുടെയും സഹായത്തോടെ ആളുകളുടെ ഇമേജുകള്‍, ഓഡിയോ, റെക്കോര്‍ഡിംഗുകള്‍ എന്നിവ ഉപയോഗിച്ച് അവരുടെ പേരില്‍ വ്യാജ വീഡിയോ, ഓഡിയോ സന്ദേശങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതാണ്് ഡീപ്ഫേക്ക്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്് ഒപ്പം ജോലി ചെയ്തിരുന്ന, 40 വര്‍ഷത്തിലേറെകോഴിക്കോട് സ്വദേശി രാധാകൃഷ്ണന്റെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പണം തട്ടിയത്. തട്ടിപ്പിനിരയായ സുഹൃത്തിന്റെ രൂപത്തില്‍ വാട്സ്ആപ് ഓഡിയോ, വീഡിയോ കോളുകള്‍ കൃത്രിമമായി ചെയ്യുകയായിരുന്നു. ദുബായ് വിമാനത്താവളത്തില്‍ നിന്നാണ് വിളിക്കുന്നതെന്നും ഗുരുതരാവസ്ഥയിലുള്ള ഇന്ത്യയിലെ സഹോദരിയുടെ അടിയന്തര ചികില്‍സയ്ക്ക് പണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോള്‍. എന്നാല്‍ സുഹൃത്തിന്റെ മുഖം കാണുകയും വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ഗൂഗ്ള്‍ പേ വഴി 40,000 രൂപ നല്‍കുകയായിരുന്നു. എന്നാല്‍ പണം കിട്ടിയ ഉടന്‍ സുഹൃത്തിന്റെ വ്യാജ ചിത്രം ഉപയോഗിച്ച് പ്രതി വീണ്ടും പണം ആവശ്യപ്പെട്ടതോടെ രാധാകൃഷ്ണന് സംശയം തോന്നുകയും കൈയിലുണ്ടായിരുന്ന നമ്പരിലേക്ക് തിരിച്ചുവിളിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയതെന്നും പരാതിക്കാരന്‍ അറിയിച്ചു.