ആകാശത്ത് നാളെ ‘ഉല്‍ക്ക മഹോല്‍സവം’; ദൃശ്യമാകുന്നത് അര്‍ദ്ധരാത്രി മുതല്‍

Share

News Desk: നാളെ ആഗസ്റ്റ് 12.. ഇരുണ്ട കാര്‍മേഘങ്ങളും മഴയുമില്ലാത്ത നല്ല തെളിമയുള്ള അന്തരീക്ഷമായിരിക്കണമെ എന്നാണ് നമ്മുടെ പ്രാര്‍ത്ഥന. അത് മറ്റൊന്നിനുമല്ല.. നാളെയാണ് ആകാശത്ത് വര്‍ണവിസ്മയം തീര്‍ക്കുന്ന പെര്‍സീഡ് ഉല്‍ക്കമഴ പ്രത്യക്ഷമാകുന്നത്. ഉല്‍ക്കകള്‍ മിന്നിത്തിളങ്ങി ആകാശത്തിലൂടെ പായുന്ന ദൃശ്യവിരുന്ന് നാളെ അര്‍ദ്ധരാത്രി 12 മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണിവരെ ദൃശ്യമാകുമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. ആകാശത്ത് ചന്ദ്രനെ കാണാതെ വരുന്ന ‘ന്യൂ മൂണ്‍’ സമയത്താണ് ഇത്തരത്തില്‍ ഉല്‍ക്കകള്‍ പ്രത്യക്ഷപ്പെടുന്നത്. ബൈനോക്കുലറോ ടെലസ്‌കോപ്പോ കണ്ണടയോ ഇല്ലാതെ തന്നെ നഗ്‌നനേത്രങ്ങളാല്‍ വ്യക്തമായി കാണാന്‍ കഴിയും എന്നതാണ് ഈ ഉല്‍ക്ക മഹോല്‍സവത്തിന്റെ പ്രത്യേകത. ഇന്ത്യ ഉള്‍പ്പെടെയുള്ള ഉത്തരാര്‍ദ്ധ ഗോളത്തിലെ മിക്ക പ്രദേശങ്ങളിലും ഈ അസുലഭ കാഴ്ച ദൃശ്യമാകുമെന്നാണ് ശാസ്ത്ര ഗവേഷകര്‍ പറയുന്നത്.

ഓരോ 130 വര്‍ഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ്-ടട്ട്ല്‍ എന്ന ഭീമന്‍ വാല്‍നക്ഷത്രം കടന്നു പോകാറുണ്ട്. ഇങ്ങനെ കടന്നുപോകുമ്പോള്‍ വാല്‍നക്ഷത്രം അതില്‍ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തില്‍ തങ്ങി നില്‍ക്കും. വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ കടന്നു പോകുമ്പോഴാണ് പെര്‍സീഡ് ഷവര്‍ ഉണ്ടാകുന്നത്. വാല്‍ നക്ഷത്രത്തില്‍ നിന്ന് തെറിച്ച ചെറു മണല്‍ത്തരിയോളം പോന്ന ഭാഗങ്ങളും മഞ്ഞിന്‍ കട്ടകളുമൊക്കെയാണ് വര്‍ഷങ്ങളായി സൗരയൂഥത്തില്‍ ചുറ്റിക്കറങ്ങുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളവയായിരിക്കും ചിലപ്പോള്‍ ഇത്തവണ നാം കാണാന്‍ പോകുന്ന ഉല്‍ക്കകള്‍. സെക്കന്‍ഡില്‍ 60 കിലോമീറ്റര്‍ വേഗത്തിലാണ് ഉല്‍ക്കകളുടെ വരവ്.  മണിക്കൂറില്‍ 80 മുതല്‍ 200 വരെ ഉല്‍ക്കകള്‍ ആകാശത്ത് കത്തിയെരിയും. നാസയുടെ പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റില്‍ രാത്രി മുതല്‍ ഉല്‍ക്കമഴ ലൈവ് സ്ട്രീമിങ് കാണാം. അപ്പോള്‍ ഉല്‍ക്കവര്‍ഷത്തിനായി ആകാംക്ഷയോടെ കാത്തിരുന്നോളൂ…നാളെ രാത്രി 12 മണിമുതല്‍ പുലര്‍ച്ചെ 3 മണിവരെ….