ക്രിമിനൽ ചട്ടങ്ങൾ പൊളിച്ചെഴുതുന്നു; IPC, CRPC ഭേദഗതി ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

Share

ഡല്‍ഹി: ക്രിമിനല്‍ നിയമത്തില്‍ സമഗ്രമായി മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഐപിസി, സിആര്‍പിസി, എവിടന്‍സ് ആക്ട് എന്നിവ ഭേദഗതി ചെയ്യാനാണ് നീക്കം. നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നീതിയല്ല, ശിക്ഷയാണ് ബ്രിട്ടീഷ് നിയമങ്ങളുടെ കാതലെന്ന് അമിത് ഷാ പറഞ്ഞു. കാലോചിതമായ മാറ്റം ആവശ്യമാണ്. ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തില്‍ നിന്ന് നിയമങ്ങളെ മാറ്റുന്നത് ആധുനികവല്‍ക്കരണത്തിന്റെ ഭാഗമാണ്. രാജ്യത്തെ സാഹചര്യത്തിനും പരിതസ്ഥിതിക്കും അനുസരിച്ചുള്ള മാറ്റമാണിതെന്നും അമിത് ഷാ പറഞ്ഞു. നിയമം പരിഷ്‌കരിക്കുന്നതോടെ ഐപിസി എന്നത് ഭാരതീയ ന്യായ സംഹിത ആകും. സിആര്‍പിസി ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയും തെളിവു നിയമം ഭാരതീയ സാക്ഷ്യയും ആയി മാറും. സ്ത്രികള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ നിയമത്തില്‍ പ്രാമുഖ്യം നല്‍കും. രാജ്യദ്രോഹക്കുറ്റം ഒഴിവാക്കാനും ബില്ലില്‍ നിര്‍ദ്ദേശം ഉണ്ട്.

ഐപിസി, സിആര്‍പിസി, എവിഡന്‍സ് ആക്ട് 1872 എന്നിവയില്‍ മാറ്റം വരുത്താനായി 2020 മാര്‍ച്ചിൽ ക്രിമിനല്‍ നിയമ പരിഷ്കരണ കമ്മിറ്റി രൂപീകരിച്ചിരുന്നു. ദില്ലിയിലെ ദേശീയ നിയമ സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ ആയ ഡോ റണ്‍ബീര്‍ സിംഗിന്‍റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചത്. നിയമ അധ്യാപകരും മുതിര്‍ന്ന അഭിഭാഷകരും മുതിര്‍ന്ന ജഡ്ജുമാരും അടങ്ങുന്നതായിരുന്നു കമ്മിറ്റി. ഫെബ്രുവരി 2022-ലാണ് കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഏപ്രില്‍ 2022-ലാണ് നിയമ മന്ത്രാലയം സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമ പരിഷ്കരണത്തിനൊരുങ്ങുന്നതായി രാജ്യസഭയെ അറിയിച്ചത്.