പുതുപ്പള്ളി പിടിക്കാൻ അങ്കം തുടങ്ങി; ചാണ്ടി ഉമ്മൻ യു.ഡി.എഫ് സ്ഥാനാർത്ഥി

Share

ഡല്‍ഹി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനാണ് പ്രഖ്യാപനം നടത്തിയത്. ചാണ്ടി ഉമ്മന്റെ സ്ഥാനാര്‍ഥിത്വത്തിന് എഐസിസി അംഗീകാരം നല്‍കിയെന്ന് സുധാകരന്‍ പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയത്തെ ഇല്ലാതാക്കാനുള്ള തുടക്കമാകും പുതുപ്പള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന് കേവലം 3 ണിക്കൂറുകള്‍ക്കുള്ളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ എട്ടിന് നടക്കും. ഓഗസ്റ്റ് 17 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സൂക്ഷ്മ പരിശോധന ഓഗസ്റ്റ് 18 ന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തില്‍ ഇന്ന് മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 53 വര്‍ഷക്കാലം ഉമ്മന്‍ചാണ്ടിയിലൂടെ കോണ്‍ഗ്രസ് കുത്തകയാക്കി വച്ചിരുന്ന മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതല്‍ 12 തവണ ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി പുതുപ്പള്ളിയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. അവസാനമായി നടന്ന 2021-ലെ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി ജെയ്ക് സി തോമസാണ് ഉമ്മന്‍ ചാണ്ടിയോട് ഏറ്റുമുട്ടിയത്. ആ തെരഞ്ഞടുപ്പില്‍ 9,044 വോട്ടിനാണ് ഉമ്മന്‍ചാണ്ടി വിജയിച്ചത്. 2016-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2022-ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ ജെയ്കിന് കഴിഞ്ഞിരുന്നു. ഇടത് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് ഉടനടി പ്രഖ്യാനമുണ്ടാകുമെന്നാണ് അറിയുന്നത്. ജെയ്ക്കിനെ കൂടാതെ ഇടത് സഹയാത്രികന്‍ റജി ലൂക്കോസിന്റെ പേരും ചര്‍ച്ചയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ആര് എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാകുകയാണ്. ഈയിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പി-യിലേക്ക് പോയ എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി മല്‍സരിച്ചേക്കുമെന്നും സൂചനയുണ്ട്.