സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട..ക്ഷമയോടെ ശ്രദ്ധിച്ച് വാഹനമോടിക്കൂ..ട്രാഫിക് പിഴകള്‍ ഒഴിവാക്കൂ…

Share

ദുബായ്: യു.എ.ഇ-യിലെ പൊതുനിരത്തുകളില്‍ വാഹനം ഓടിക്കുന്ന പലരും ജോലിയെടുത്ത് വാങ്ങുന്ന ശമ്പളത്തിന്റെ നല്ലൊരു ശതമാനം ട്രാഫിക് പിഴയായി നല്‍കുന്നവരാണ്. സ്വന്തം വാഹനം ഉപയോഗിക്കുന്നവരും ജോലിയുടെ ഭാഗമായി വാഹനം ഓടിക്കുന്നവരും അശ്രദ്ധ കാരണം നല്ലൊരു തുക പിഴ അടയ്ക്കാന്‍ മാറ്റിവയ്ക്കുന്നു എന്നതാണ് സത്യം. അശ്രദ്ധമായ ഡ്രൈവിംഗ്, ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ അങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് ട്രാഫിക് പിഴ ഒടുക്കേണ്ടി വരുന്നത്. വാഹനം ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെതാണെങ്കില്‍ പോലും ട്രാഫിക് പിഴകള്‍ അടയ്‌ക്കേണ്ട പൂർണ  ഉത്തരവാദിത്തം ഡ്രൈവര്‍ക്കായിരിക്കും. അതിനാല്‍ വാഹനം ഉപയോഗിക്കുന്നവര്‍ ഗതാഗത നിയമങ്ങളെക്കുറിച്ച്  ബോധവാന്‍മാരായിരിക്കണം. വാഹനം ഓടിക്കുമ്പോള്‍, താല്‍ക്കാലികമായി നിര്‍ത്തിയിടുമ്പോള്‍, പാര്‍ക്ക് ചെയ്യുമ്പോള്‍ നമ്മള്‍ പാലിക്കേണ്ട നിയമങ്ങളും അത് ലംഘിക്കപ്പെട്ടാല്‍ നല്‍കേണ്ട പിഴയെ കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കണം.

അലക്ഷ്യമായ ഡ്രൈവിംഗിലൂടെ ലൈസന്‍സില്‍ ബ്ലാക്ക് പോയിന്റുകള്‍ ക്ഷണിച്ചുവരുത്തുന്നതും സ്വാഭാവികമാണ്. ഇത് ആവര്‍ത്തിക്കുന്നതിനനുസരിച്ച് ലൈസന്‍സ് റദ്ദാകാനുള്ള സാധ്യതയും കൂടുതലാണ്. റോഡിലെ പ്രധാന നിയമലംഘനങ്ങളും അതിനായി നല്‍കേണ്ടിവരുന്ന പിഴയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മറ്റു വാഹനങ്ങളുടെ പിന്നില്‍ പാര്‍ക്ക് ചെയ്യുകയോ അവയുടെ സഞ്ചാരം തടയുകയോ ചെയ്താല്‍ 500 ദിര്‍ഹമായിരിക്കം പിഴ. അനുവദനീയമല്ലാത്ത സ്ഥലങ്ങളിലോ സുരക്ഷിതമല്ലാതെയോ പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം പിഴ ഒടുക്കേണ്ടി വരും. നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് പിടിക്കപ്പെട്ടാലോ കാല്‍നടയാത്രക്കാരുടെ സഞ്ചാരം തടയുന്ന രീതിയില്‍ വാഹനം നിര്‍ത്തിയാലോ പിഴയായി 400 ദിര്‍ഹം പോയിക്കിട്ടും. അടിയന്തിരഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട അഗ്നിശമന സംവിധാനങ്ങള്‍ക്കു മുന്നില്‍ പാര്‍ക്ക് ചെ്താല്‍ 1,000 ദിര്‍ഹം പിഴയും കൂടാതെ ലൈസന്‍സില്‍ 6 ബ്ലാക്ക് പോയിന്റുകളുമായിരിക്കും ശിക്ഷ.

ഇനി പ്രത്യേക ആവശ്യങ്ങള്‍ക്കായി അനുവദിച്ചിരിക്കുന്ന റിസര്‍വ് ചെയ്ത സ്ഥലങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുയാണെങ്കിലും 1,000 ദിര്‍ഹം പിഴയും ഒപ്പം 6 ബ്ലാക്ക് പോയിന്റും ലഭിക്കും. അകാരണമായി റോഡിന്റെ മദ്ധ്യഭാഗത്ത് വാഹനം നിര്‍ത്തിയാല്‍ 1,000 ദിര്‍ഹവും 6 ബ്ലാക്ക് പോയിന്റും മഞ്ഞ ബോക്സ് ജംഗ്ഷനില്‍ വാഹനം നിര്‍ത്തിയാല്‍ 500 ദിര്‍ഹവും പിഴയായി നല്‍കണം. റോഡിന്റെ ഇടത് ഭാഗത്തെ നിരോധിത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയാല്‍ 1,000 ദിര്‍ഹം പിഴ ചുമത്തും. അതുകൊണ്ട് കഷ്ടപ്പെട്ട് അദ്ധ്വാനിച്ച് നേടിയ പണം വെറുതേ കളയാതിരിക്കാന്‍ നിലവിലെ ഗതാഗത നിയമങ്ങള്‍ പാലിച്ച് ഉത്തരവാദിത്തബോധത്തോടെ വാഹനമോടിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിനാല്‍ ക്ഷമയോടെ ശ്രദ്ധിച്ച് വാഹനമോടിക്കൂ..ട്രാഫിക് പിഴകള്‍ ഒഴിവാക്കൂ…