അബുദബിയില്‍ ടണ്‍ കണക്കിന് മയക്കുമരുന്ന് പിടികൂടി; ഏഷ്യക്കാരന്‍ അറസ്റ്റില്‍

Share

യു.എ.ഇ: അബുദാബിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 48 ടണ്‍ മയക്കുമരുന്നും സൈക്കോട്രോപിക് വസ്തുക്കളും ഗോഡൗണില്‍ സൂക്ഷിച്ച കുറ്റത്തിന് ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു. കേസില്‍ അന്വേഷണം ആരംഭിച്ചതായി യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. വിശദമായ ചോദ്യം ചെയ്യലില്‍ നിന്ന് മയക്കുമരുന്ന് സൂക്ഷിക്കാന്‍ പ്രതി പ്രത്യേകം തയ്യാറാക്കിയ ഗോഡൗണും പോലീസ് കണ്ടുകെട്ടി. രാജ്യത്ത് വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് ഗോഡൗണില്‍ സംഭരിച്ചുവച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 2021-ലെ യു.എ.ഇ ഫെഡറല്‍ ഡിക്രി നിയമം നമ്പര്‍ 30 അനുസരിച്ച് മയക്കുമരുന്ന്, സൈക്കോട്രോപിക് പദാര്‍ത്ഥങ്ങള്‍ എന്നിവ വിതരണം ചെയ്യുകയോ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ കുറ്റകൃത്യമായി കണ്ട് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കാലതാമസം കൂടാതെ അധികൃതരെ വിവരം അറിയിക്കണമെന്നും യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.