ഇന്ത്യൻ അരിയുടെ വരവ് കുറഞ്ഞു; യു.എ.ഇ അരി കയറ്റുമതി നിർത്തിവച്ചു

Share

അബുദാബി: യു.എ.ഇ-യില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്നതിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി സാമ്പത്തിക മന്ത്രാലയം അറിയിച്ചു.  ഇന്ത്യയില്‍ നിന്നും അരിയുടെ വരവ് കുറഞ്ഞതോടെയാണ് യു.എ.ഇ താല്‍ക്കാലികമായി കയറ്റുമതി നിര്‍ത്തിവച്ചത്. അരിലഭ്യത കുറഞ്ഞതോടെ വിപണിയില്‍ ഇടപെട്ട് വില വര്‍ധന തടയുന്നതിന്റെ ഭാഗമായാണ് യുഎഇ അരി കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പുതിയൊരു അറിയിപ്പുണ്ടാകുന്നതുവരെ 2023-ലെ മന്ത്രിസഭ പാസാക്കിയ പ്രമേയം നമ്പര്‍ 120 അനുസരിച്ച് പ്രാദേശിക വിപണിയില്‍ അരിയുടെ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നാല് മാസത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അരി ഇറക്കുമതിയില്‍ യു.എ.ഇ കൂടുതല്‍ ആശ്രയിച്ചിരുന്നത് ഇന്ത്യയെ ആണ്. എന്നാല്‍ ഈ അടുത്തകാലത്ത് ഇന്ത്യയില്‍ അരിയുടെ ഉല്‍പാദനം ഗണ്യമായി കുറയുകയും അക്കാരണത്താല്‍ വിവിധ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തു.

2023 ജൂലൈ 20-ന് ശേഷം ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്ത അരിയുടെ കയറ്റുമതിയും പുനര്‍ കയറ്റുമതിയും ഫ്രീ സോണുകളില്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ഇന്ത്യയില്‍ നിന്നും കൂടുതലായി ഇറക്കുമതി ചെയ്യുന്ന പുഴുക്കലരി, മട്ട അരി, വറുത്ത അരി, പൊടി അരി തുടങ്ങിയവയെല്ലാം കയറ്റുമതി നിരോധനം ബാധകമാണെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. അതേസമയം അരി കയറ്റുമതിക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയത് അരിയുടെ വില കുറയാന്‍ സഹായകമാകുമെന്ന് വ്യാപാരികള്‍ പ്രതികരിച്ചു. വിപണിയില്‍ വില സ്ഥിരതയും ലഭ്യതയും ഉറപ്പാക്കാനും അതുവഴി ഉപഭോക്തൃതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കഴിയുമെന്ന് വ്യാപാരി സമൂഹം ചൂണ്ടിക്കാട്ടുന്നു. അവസരോചിതമായ തീരുമാനമാണ് യു.എ.ഇ കൈക്കൊണ്ടിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.