പുതിയ മെമു സർവീസ് ആരംഭിച്ചു; കോട്ടയം വഴി എറണകുളത്തേയ്ക്ക് ഇനി ഈ ട്രെയിൻ ആശ്രയിക്കാം

Share

കൊല്ലം: കോട്ടയം വഴി എറണകുളം ജങ്ഷൻ വരെ പുതിയ മെമു സർവീസ് ഇന്ന് ആരംഭിച്ചു. കൊല്ലം – എറണാകുളം അൺറിസർവിഡ് മെമുവാണ് ഇന്ന് മുതൽ ഓടിതുടങ്ങുന്നത്. പാതയിലെ തിരക്കും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചാണ് ദക്ഷിണ റെയില്‍വേ മെമു സർവീസ് പ്രഖ്യാപിച്ചത്.
രാവിലെ 5:55ന് കൊല്ലം സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 9:35ന് എറണാകുളം ജങ്ഷനിലെത്തും. തിരികെ രാവിലെ 9:50ന് എറണാകുളം സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് 1:30ന് കൊല്ലം സ്റ്റേഷനില്‍ എത്തുകയും ചെയ്യും. ശനി ഞായർ ദിനസങ്ങളിലൊഴികെ ബാക്കി എല്ലാ ദിവസങ്ങളിലും സർവീസ് ഉണ്ടാകും. മണ്‍റോതുരുത്ത്, പെരിനാട് സ്റ്റേഷനുകളിൽ ആദ്യം മെമുവിന് സ്റ്റോപുകളില്ലായിരുന്നു എന്നാൽ യാത്രക്കാരുടെ പ്രതിഷേധം ഉയർന്നതോടെ സ്റ്റോപ് അനുവദിക്കുകയായിരുന്നു.
ഇന്ന് മുതൽ നവംബർ 29 വരെ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ 40 സർവീസുകൾ വീതം നടത്തും. രാവിലെ എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് വലിയ ആശ്വാസമായി ഈ ട്രെയിൻ മാറും. ‘ഏതാണ്ട് 800 യാത്രക്കാർക്ക് ഈ മെമുവിൽ യാത്ര ചെയ്യാൻ കഴിയും. വേണാട് എക്സ്പ്രസിൽ കയറുന്ന 800 യാത്രക്കാർക്ക് ഇനി ഈ മെമുവിൽ കയറാൻ കഴിയും. അങ്ങനെ വരുമ്പോൾ വേണാടിലെ അനിയന്ത്രിത തിരക്ക് ഒഴിവാകും.’ കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.