ഇന്ത്യന്‍ ഹോക്കി താരം പിആര്‍ ശ്രീജേഷ് ഇനി പരിശീലക വേഷത്തിൽ

Share

ഇന്ത്യന്‍ ഹോക്കി ഇതിഹാസ താരം പിആര്‍ ശ്രീജേഷിന് അഭിമാന നേട്ടം. രാജ്യത്തിനായി ഇനി പരിശീലക വേഷം അണിയാൻ ഒരുങ്ങുകയാണ് പി ആർ ശ്രീജേഷ്. പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ചരിത്ര മെഡല്‍നേട്ടം സമ്മാനിച്ച ശേഷം വിരമിച്ച ഗോള്‍കീപ്പര്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തും പുതിയ നേട്ടങ്ങള്‍ കൊയ്യാനൊരുങ്ങുകയണ്. 2024 ലെ സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പില്‍ മലയാളി താരത്തെ ഇന്ത്യയുടെ പരിശീലകനായി നിയമിച്ചു.
ഒക്ടോബര്‍ 19 ന് മലേഷ്യയില്‍ ആരംഭിക്കുന്ന സുല്‍ത്താന്‍ ജോഹര്‍ കപ്പിന്റെ 2024 പതിപ്പില്‍ ഇന്ത്യന്‍ ടീം ശ്രീജേഷിന്റെ ശിക്ഷണത്തിലാണ് അണിനിരക്കുകയെന്ന് ഹോക്കി ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള ഇന്ത്യന്‍ ടീമിനെയും ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒളിമ്പിക്‌സിന് പിന്നാലെ ജൂനിയര്‍ ഇന്ത്യന്‍ ടീം കോച്ചായി ശ്രീജേഷ് നിയമിതനായിരുന്നു. വര്‍ഷം തോറും നടക്കുന്ന അണ്ടര്‍ 21 ഹോക്കി ടൂര്‍ണമെന്റാണ് സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ്. ലോകത്തെ മുന്‍നിര ഹോക്കി ടീമുകള്‍ പങ്കെടുക്കുന്നു. ജപ്പാനെതിരെ ഒക്ടോബര്‍ 19 നാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. റൗണ്ട് റോബിന്‍ അടിസ്ഥാനത്തിലാണ് ടൂര്‍ണമെന്റ് നടക്കുക.