തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിനെ നേരിടാന്‍ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 31 ഓടെ കേരളത്തില്‍ കാലാവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. ഇതോടെ വീണ്ടും സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കും.
അതേസമയം മുതലപുഴയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഞ്ച്‌തെങ്ങ് സ്വദേശികള്‍ പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായിട്ടുണ്ട്. രക്ഷപ്പെടുത്തിയതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍പ്പെട്ടവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഴയ്ക്കിടെ അതിശക്തമായ തിരയുമുണ്ടായിരുന്നതാണ് അപകടത്തിന് കാരണമായത്. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.