‘ദുശ്ശകുനം’ പരാമര്‍ശം വിവാദത്തില്‍; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Share

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊതുവേദിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വീണ്ടും വിവാദമായി. ഇതിനെ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. രാഹുല്‍ ഗാന്ധി ഈ മാസം 25-ന് ഇന്ത്യന്‍ സമയം വൈകിട്ട് ആറ് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. മികച്ച നിലയില്‍ കളിച്ചുകൊണ്ടിരുന്ന ടീമായിരുന്നു ഇന്ത്യയെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ എത്തിയതിന് പിന്നാലെയാണ് ‘ദുശ്ശകുനം’ ഉണ്ടായതെന്നും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തില്‍ പറഞ്ഞു.

എന്തായാലും ‘ദുശ്ശകുനം’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഡല്‍ഹി പൊലീസിലും പരാതി നല്‍കിയിരിക്കുകാണ്. രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ റാലിയിലാണ് ക്രിക്കറ്റ് കളി കാണാന്‍ പോയ മോദി ഇന്ത്യയെ തോല്‍പിച്ചെന്ന് പരിഹാസത്തിൽ രാഹുല്‍ ഗാന്ധി പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ ടീം കളിക്കളത്തില്‍ നല്ല ഫോമിൽ ആയിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. എന്നാല്‍ ദുശ്ശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്റെ താളം തെറ്റുകയും കളി തോല്‍ക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയെ റണ്‍ ഔട്ടാക്കാന്‍ പരസ്പരം ശ്രമിക്കുന്ന ബാറ്റ്‌സ്മാന്‍മാരോട് ഉപമിച്ച നരേന്ദ്രമോദിക്ക് ചുട്ടമറുപടി നല്‍കുന്നതിന്റെ ഭാഗമായാണ് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രാഹുല്‍ ഗാന്ധി തിരിച്ചടിച്ചത്. പരാമര്‍ശം വിവാദമായതോടെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഔദ്യോഗിക വിശദീകരണവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അവിചാരിതമായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.