ആ ശുഭവാര്‍ത്തയ്ക്കായി കാതോര്‍ത്ത് രാജ്യം; തുരങ്കത്തില്‍ കുടുങ്ങിയവര്‍ ഉടന്‍ പുറത്തേക്ക്

Share

ഡല്‍ഹി: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കെ തകര്‍ന്ന ‘സില്‍ക്യാര’ തുരങ്കത്തില്‍ കഴിഞ്ഞ പതിനൊന്ന് ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഉടന്‍ പുറത്തെത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ വലിയ പൈപ്പ് ഉള്ളിലേക്ക് കടത്തിവിട്ട് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ദൗത്യസംഘം വ്യക്തമാക്കി. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ തൊട്ടരികത്ത് എത്തിച്ചേര്‍ന്നതായും അധികം വൈകാതെ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ കഴിയുമെന്നും ദൗത്യസംഘത്തിന് നേതൃത്വം നല്‍കുന്ന ജനീവയിലെ ഇന്റര്‍നാഷണല്‍ ടണലിംഗ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്റെ തലവന്‍ അര്‍ണോള്‍ഡ് ഡിക്സ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്കെത്താന്‍ ഇനി കേവലം പത്ത് മീറ്ററോളം പൈപ്പ് മാത്രമാണ് ഇടാനുള്ളതെന്നും ശുഭ വാര്‍ത്ത ഉടന്‍ പ്രതീക്ഷിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി കേന്ദ്രമന്ത്രി ജനറല്‍ വി.കെ സിംഗ് അടക്കം നിരവധി പ്രമുഖര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലാക്കാന്‍ ഡല്‍ഹിയില്‍ നിന്ന് വെല്‍ഡിംഗ് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. തുരങ്കത്തിനുള്ളില്‍ എംഎസ് പൈപ്പ് വെല്‍ഡ് ചെയ്ത് പിടിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണെന്ന് വെല്‍ഡിംഗ് സംഘം അറിയിച്ചു. പുറത്തെത്തുന്ന തൊഴിലാളികളെ അടിയന്തിരമായി ആശുപത്രിയിലെത്തിക്കാന്‍ 41 ആംബുലന്‍സുകള്‍ തുരങ്കത്തിന് പുറത്ത് പൂര്‍ണ സജ്ജമായി നില്‍ക്കുകയാണ്. തൊഴിലാളികള്‍ക്ക് ഏറ്റവും മികച്ച ചികില്‍സ ലഭ്യമാക്കാന്‍ ചിന്യാലിസൗര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 41 കിടക്കകളുള്ള പ്രത്യേക വാര്‍ഡും പരിചരിക്കാന്‍ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ സംഘത്തേയും നിയോഗിച്ചിട്ടുണ്ടെന്ന് ഉത്തരകാശി എസ്.പി അര്‍പണ്‍ യദുവന്‍ഷി പറഞ്ഞു. അടിയന്തിര സാഹചര്യമാണെങ്കില്‍ തൊഴിലാളികളെ എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റാനുള്ള സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ മാസം 12-ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30-ന് ബ്രഹ്‌മഖല്‍-യമുനോത്രി ഹൈവേയില്‍ സില്‍ക്യാര-ദണ്ഡല്‍ഗാവ് തുരങ്കത്തിന്റെ ഒരു ഭാഗമാണ് നിര്‍മ്മാണത്തിലിരിക്കെ തകര്‍ന്നുവീണത്. ആ സമയത്ത് ജോലിയിലുണ്ടായിരുന്ന 41 തൊഴിലാളികളാണ് പുറത്തുകടക്കാന്‍ കഴിയാതെ ടണലിനുള്ളില്‍ കുടുങ്ങിപ്പോയത്. അന്നുതന്നെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും നിരവധി സാങ്കേതിക കാരണങ്ങളാല്‍ രക്ഷാപ്രവര്‍ത്തനം വൈകുകയായിരുന്നു. ദുരന്തനിവാരണ സേന ഉള്‍പ്പെടെ നിരവധി ദൗത്യസംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഇതിനിടെ ഉള്ളിലേക്ക് പൈപ്പുകള്‍ കടത്തി അതുവഴി തൊഴിലാളികള്‍ക്ക് ഓക്‌സിജന്‍, ഭക്ഷണം, വെള്ളം എന്നിവ മുടങ്ങാതെ നല്‍കുകയും ചെയ്തു. പൈപ്പിനുള്ളില്‍ ഘടിപ്പിച്ച ക്യാമറ പകര്‍ത്തിയ തൊഴിലാളികളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.