ഷാര്‍ജ: വായനയുടെ വാതായനങ്ങള്‍ തുറന്ന 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഈ വര്‍ഷവും ചിരന്തന പബ്ബിക്കേഷന്‍സിന്റെ സാന്നിധ്യം ശ്രദ്ധേയമാകുന്നു. വിവിധ പുസ്തകങ്ങളാല്‍ അലംകൃതമായ ചിരന്തന പബ്ലിക്കേഷന്‍സിന്റെ സ്റ്റാള്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. ചിരന്തനുടെ പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ: വൈ.എ റഹീം, ദര്‍ശന പ്രസിഡണ്ട് സി.പി ജലീല്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദുബൈ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷംസീര്‍ നാദാപുരം, ഐ.ഒ.സി നേതാവ് അനുര മത്തായി, മുന്‍ ജനപ്രതിനിധി ബല്‍ക്കീസ് മുഹമ്മദലി, ചിരന്തന കേരള ഘടകം കോ-ഓഡിനേറ്റര്‍ ഡോ: മുനീബ് മുഹമ്മദലി, സാലി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
അക്ഷരങ്ങളുടെ മായാ പ്രപഞ്ചം ഒരുക്കുന്ന ചിരന്തന പബ്ലിക്കേഷന്‍സിന്റെ നേതൃത്വത്തിലുള്ള ഹാള്‍ നമ്പര്‍ 7-ലെ ZD-9 സ്റ്റാളില്‍ എഴുത്തിന്റെ ലോകത്തേക്ക് പുതിയതായി എത്തിയ നൂറോളം പുസ്തകങ്ങള്‍ വായന പ്രേമികളെ കാത്തിരിപ്പുണ്ടെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു. മാത്രമല്ല പുതിയ എഴുത്തുകാരുടെ ഒട്ടനവധി പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മത്തിന് ചിരന്തന പബ്ബിക്കേഷന്‍സ് വേദി കാര്‍മികത്വം വഹിക്കുമെന്നും പുന്നയ്ക്കന്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ-സാംസ്‌കാരിക-സ്വകാര്യ ജീവിതത്തെ സമഗ്രമായി വരച്ചുകാട്ടുന്ന ജീവചരിത്രമായ ‘കാലം സാക്ഷി’ ആയിരിക്കും ചിരന്തന സ്റ്റാളിലെ പുസ്തകങ്ങളിലെ താരം. കൂടാതെ ഇതിഹാസം, കാല്‍പ്പാടുകള്‍ ഉള്‍പ്പെടെ ജനപ്രിയ എഴുത്തുകാരുടെ നിരവധി പുസ്തകങ്ങള്‍ ചിരന്തന സ്റ്റാളില്‍ പ്രകാശനം ചെയ്യും.
‘നമ്മള്‍ സംസാരിക്കുന്നത് പുസ്തകമാണ്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഷാര്‍ജ പുസ്തകോത്സവം 2023 നവംബര്‍ 1-ന് കൊടിയേറിയത.് നവംബര്‍ 12 വരെ 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തമേള യു.എ.ഇ-യില്‍ സാംസ്‌കാരിക സുഗന്ധം പരത്തി നിറഞ്ഞുനില്‍ക്കും. ഇന്ത്യയില്‍ നിന്നും നൂറിലധികം പ്രസാധകര്‍ ഇത്തവണത്തെ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലെന്ന പോലെ മലയാളി എഴുത്തുകാരുടെയും പ്രസാധകരുടെയും സജീവ സാന്നിധ്യം ഇത്തവണത്തെ പുസ്തക മേളയ്ക്ക് മാറ്റ് കൂട്ടും.