ദുബായ്: ദുബായിൽ ഇനി ശക്തമായ മഴ പെയ്താലും കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഉണ്ടായതുപോലുള്ള വെള്ളപ്പൊക്കം ഉണ്ടാവാനിടയുണ്ടാവില്ലെന്ന് അറിയിപ്പ്. എത്രമാത്രം വെള്ളം ഒഴുകിയെത്തിയാലും നിമിഷ നേരം കൊണ്ട് അവ പുറത്തേക്ക് ഒഴുക്കിവിടാൻ പാകത്തിലുള്ള സമഗ്ര ഓവുചാൽ പദ്ധതിക്ക് ദുബായിൽ തുടക്കമായി. കഴിഞ്ഞ ഏപ്രിലിൽ പെയ്ത അതിശക്തമായ മഴയിൽ ദുബായ് നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ദിവസങ്ങളോളം ജനജീവിതം സ്തംഭിച്ചിരുന്നു. ഒരു വർഷം ലഭിക്കേണ്ട മഴയായിരുന്നു ഒരൊറ്റ ദിവസം ദുബായിൽ ചെയ്തത്. ഇതേ തുടർന്ന് പലയിടങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലാവുകയും നിരവധി വാഹനങ്ങൾ ഒഴുകിപ്പോകുകയും ചെയ്തിരുന്നു. വീടുകളിലും കടകളിലും മറ്റും വെള്ളം കയറി വലിയ തോതിൽ നാശനഷ്ടവും സംഭവിച്ചിരുന്നു. ഇതേ തുടർന്നാണ് സമഗ്ര ഡ്രെയിനേജ് പദ്ധതി ദുബായ് ഭരണകൂടം ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. ഇതിൻ്റെ ഭാഗമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, നഗരത്തിലെ ഡ്രെയിനേജ് കപ്പാസിറ്റി 700 ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന 3000 കോടി ദിർഹം ചെലവുവരുന്ന ‘തസ്രീഫ്’ പദ്ധതിക്ക് ജൂണിൽ അംഗീകാരം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നിർമാണ പ്രർത്തനങ്ങൾ നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
2033ഓടെ പൂർത്തീകരിക്കാനൊരുങ്ങുന്ന തസ്രീഫ് പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. അതിനിടെ, നിലവിലുള്ള ഡ്രെയിനേജ് സംവിധാനങ്ങൾ മെച്ചപ്പെടുത്തി അവയുടെ ശേഷി വർധിപ്പിക്കുന്ന പ്രവൃത്തികളും സമാന്തരമായി നടന്നുവരികയാണെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പുതിയ പദ്ധതിയായ തസ്രീഫ് ഗുരുത്വാകർഷണത്തിൻ്റെ ശക്തിയിൽ ഒരു തുരങ്കത്തിലേക്കെന്ന പോലെ മഴ വെള്ളത്തെ വലിച്ചെടുത്ത് പുറത്തേക്കെത്തിക്കുന്ന രീതിയിലാണ് സംവിധാനം ഒരുക്കുന്നത്. ഗുരുത്വാകർഷണത്താൽ പ്രവർത്തിക്കുന്ന ഒരു തുരങ്കം മോട്ടോർ പമ്പുകളില്ലാതെ ഉപരിതലത്തിലെ വെള്ളം വലിച്ചെടുത്ത് കളയുന്ന രീതിയാണിത്. ഇത് വഴി പ്രവർത്തന, പരിപാലന ചെലവ് വലിയ തോതിൽ കുറയ്ക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.