ദുബായ്: ലോകം 2024-നെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ വിനോദസഞ്ചാരത്തിന്റെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന ദുബായില്‍ വിപുലമായ ആഘോഷങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ദുബായുടെ അഭിമാനസ്തംഭം അംബരചുംബിയായ ബുര്‍ജ് ഖലീഫ സ്ഥിതിചെയ്യുന്ന ബുര്‍ജ് പാര്‍ക്കില്‍ ലോകപ്രശസ്തമായ പുതുവര്‍ഷ വെടിക്കെട്ടും വാട്ടര്‍ ഫൗണ്ടെയിനും കലാപരിപാടികളും ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികള്‍ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടുന്നത്. ഇത്തവണ വി.ഐ.പി-യെ പോലെ മുന്‍നിരയില്‍ ഇരുന്ന് ആഘോഷ പരിപാടികള്‍ കാണണമെങ്കില്‍ ടിക്കറ്റ് എടുക്കേണ്ടി വരും.
പന്ത്രണ്ട് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും മുന്‍നിര ടിക്കറ്റിന് 300 ദിര്‍ഹമാണ് നിരക്ക്. 5-നും 12-നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനത്തിന് 150 ദിര്‍ഹമാണ് നല്‍കേണ്ടത്. അതേസമയം 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. യു.എ.ഇ-യിലെ ഔദ്യോഗിക ഇവന്റുകള്‍ ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികളുടെ ടിക്കറ്റ് വിതരണം ഓണ്‍ലൈനായി ലഭ്യമാക്കുന്ന ‘പ്ലാറ്റിനം ലിസ്റ്റില്‍‘ (www.platinumlist.net) നവംബര്‍ 10 മുതല്‍ ടിക്കറ്റുകള്‍ ലഭിച്ചു തുടങ്ങും.
അതേസമയം ടിക്കറ്റ് എടുത്തവര്‍ക്കും ബുര്‍ജ് പാര്‍ക്കിലേക്കുള്ള പ്രവേശനം ലഭിക്കണമെങ്കില്‍ പ്രത്യേക ബാഡ്ജ് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ ബാഡ്ജുകള്‍ ദുബായ് മാള്‍, ദുബായ് ഹില്‍സ് മാള്‍, ദുബായ് മറീന മാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഡിസംബര്‍ 26 മുതല്‍ 30 വരെ ഉച്ചയ്ക്ക് 2 മണി മുതല്‍ ബാഡ്ജുകള്‍ വിതരണം ചെയ്തു തുടങ്ങും. ഓരോ ടിക്കറ്റിലും പരസരത്തുള്ള ഭക്ഷണശാലകളില്‍ നിന്നുള്ള ഒരു നേരത്തെ ഭക്ഷണവും രണ്ട് പാനീയങ്ങളും അടങ്ങിയിട്ടുണ്ട്.
ബുര്‍ജ് പാര്‍ക്കിലേക്ക് ഡിസംബര്‍ 31 വൈകുന്നേരം 4 മണി മുതല്‍ പ്രവേശനം അനുവദിച്ചു തുടങ്ങും. ദുബായിലെ പുതുവര്‍ഷ രാവ് ആസ്വദിക്കാന്‍ ആയിരക്കണക്കിന് പേര്‍ ഡിസംബര്‍ 31-ന് ഉച്ചകഴിഞ്ഞ് തന്നെ ബുര്‍ജ് പാര്‍ക്കില്‍ എത്തുന്നത് സാധാരണയാണ്. ബുര്‍ജ് പാര്‍ക്കിലെ അതിവിശിഷ്ടമായ കാഴ്ചാനുഭവത്തിന്റെ സുഖം ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അത് തങ്ങളുടെ കടമയാണെന്നും ബുര്‍ജ് ഖലീഫയുടെ ശില്‍പികളായ എമാര്‍ ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.