കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണം; ഫോണ്‍ ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ

Share

ഡല്‍ഹി: പ്രതിപക്ഷ കക്ഷി നേതാക്കളുടെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുടെയും എന്‍ജിഒ-കളുടെയും ഫോണ്‍ കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ഫോണ്‍, ഇ-മെയില്‍ ചോര്‍ത്തല്‍ നടക്കുന്നതായി മൊബൈല്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനിയില്‍ നിന്ന് സന്ദേശം ലഭിച്ചതായി പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. ആപ്പിള്‍ ഐ ഫോണില്‍ ലഭിച്ച സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പല നേതാക്കളും സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, ശശി തരൂര്‍ എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പാര്‍ട്ടി വക്താവ് പവന്‍ ഖേര, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്ര, ശിവസേനുടെ ഉദ്ധവ് പക്ഷം നേതാവ് പ്രിയങ്ക ചതുര്‍വേദി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടിയിലെ രാഘവ് ചന്ദ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളുടെ ഫോണുകളാണ് ചോര്‍ത്തിയതായി ആരോപണം ഉയരുന്നത്.

അതേസമയം അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തല്‍ നടത്തുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അദാനി ഒന്നാം സ്ഥാനത്തും നരേന്ദ്രമോദി രണ്ടാമതും അമിത് ഷാ മൂന്നാമനുമായെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഭയപ്പെട്ട് പിന്നോട്ടില്ലെന്നും എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളൂ എന്നും രാഹുല്‍ പ്രതികരിച്ചു. പെഗാസെസ് അന്വേഷണം എവിടെയും എത്താതെ പോയെന്നും ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിതെന്നും ക്രിമിനലുകള്‍ മാത്രമേ ഈ പണി ചെയ്യുകയുള്ളൂവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നതെന്നും അതില്‍ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പെന്നും ജയമോ, പരാജയമോ എന്നതല്ല പോരാടുകയെന്നതാണ് പ്രധാനമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.