സ്വന്തം സൈനികരെ റഷ്യ കൂട്ടത്തോടെ കൊന്നൊടുക്കുന്നു? ആരോപണവുമായി അമേരിക്ക

Share

കീവ്: യുക്രയിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഒന്നര വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ജയപരാജയം നിര്‍ണയിക്കാന്‍ കഴിയാത്ത പ്രതിസന്ധിയിലാണ് ആള്‍ബലത്തിലും ആയുധശേഷിയിലും കേമനായ റഷ്യ. കോടികളുടെ നഷ്ടം നേരിടുകയും നിരപരാധികളായ ആയിരക്കണക്കിന് സാധാരണക്കാരായ മനുഷ്യരുടെ ജീവന്‍ എടുക്കുകയും ചെയ്തതല്ലാതെ ഈ യുദ്ധം മറ്റെന്താണ് നേടിയതെന്നുള്ള ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ഇതിടയിലാണ് സൈനിക ഉത്തരവുകള്‍ ലംഘിക്കുന്ന സ്വന്തം സൈനികരെ റഷ്യ കൂട്ടത്തോടെ കൊന്നൊടുക്കുന്നു എന്ന ആരോപണം അന്താരാഷ്ട്ര തലത്തില്‍ ശക്തമാകുന്നത്. തെളിവുകള്‍ നിരത്തി അമേരിക്കയാണ് റഷ്യക്കെതിരെ ഈ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. യുക്രെയിന്‍ യുദ്ധവുമായി ബന്ധപ്പെട്ട സൈനിക ഉത്തരവുകള്‍ പാലിക്കാന്‍ തയ്യാറാകാത്തവരെയാണ് റഷ്യ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് എന്നാണ് അമേരിക്കയുടെ ആരോപണം.

ഓര്‍ഡറുകള്‍ പാലിക്കാന്‍ വിസമ്മതിക്കുന്ന സൈനികരെ റഷ്യന്‍ സൈന്യം വധിച്ചതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ തെളിവുകള്‍ സഹിതമാണ് ആരോപണം ഉന്നയിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. യുദ്ധമുഖത്ത് നിന്ന് പലായനത്തിന് ശ്രമിക്കുകയോ പീരങ്കി ആക്രമണത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ ശ്രമിക്കുകയോ ചെയ്താല്‍ ആ യൂണിറ്റിലുള്ള മുഴുവന്‍ പേരെയും വധിക്കുമെന്ന് റഷ്യന്‍ കമാന്‍ഡര്‍മാര്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായും വൈറ്റ് ഹൗസ് വക്താവ് ആരോപിച്ചു. യുദ്ധക്കെടുതി അനുഭവിക്കുന്ന യുക്രെയിന് 150 മില്യണ്‍ ഡോളറിന്റെ പുതിയ സൈനിക സഹായ പാക്കേജ് അമേരിക്ക പ്രഖ്യാപിച്ച ദിവസമാണ് റഷ്യയെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ വൈറ്റ് ഹൗസ് നടത്തിയിരിക്കുന്നത് എന്നതും ശ്രദ്ദേയമാണ്.

അതേസമയം ആയുധബലം കൊണ്ട് ഉക്രയിനെ ഉടന്‍ പിടിച്ചടക്കാമെന്ന വ്യാമോഹവുമായി 2022 ഫെബ്രുവരിയില്‍ റഷ്യ തുടങ്ങിവച്ച യുദ്ധം അനന്തമായി നീണ്ടുപോകുന്നതില്‍ കടുത്ത നിരാശയാണ് റഷ്യക്ക് സമ്മാനിച്ചത്. തുടക്കത്തില്‍ വീറോടെ പൊരുതിയിരുന്ന റഷ്യന്‍ സൈനികര്‍ക്ക് ആവശ്യത്തിന് ആയുധങ്ങളോ ഭക്ഷണമോ കിട്ടാത്ത സാഹചര്യത്തില്‍ യുദ്ധമുഖത്ത് നിന്ന് ഓടിപ്പോകാനുള്ള പ്രവണത കൂടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുദ്ധത്തിലൂടെ കൈവിട്ടുപോയ പല പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനും കൂടുതല്‍ പ്രദേശങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താനും ശക്തമായ പോരാട്ടവും ചെറുത്തുനില്‍പുമാണ് ഇരുരാജ്യങ്ങളും നടത്തുന്നത്. ഇപ്പോഴും യുക്രെയിന്റെ തന്ത്രപ്രധാനമായ നഗരങ്ങളില്‍ ഇരുവിഭാഗത്തിന്റെയും സൈനികര്‍ ഉഗ്രപോരാട്ടമാണ് നടത്തുന്നത്.