ചന്ദ്രനില്‍ ഭാരതീയന്‍? സ്വപ്നദൗത്യം 2040-ഓടെ പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യ

Share

ഡല്‍ഹി: 2040-ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ സഞ്ചാരിയെ അയക്കാന്‍ ലക്ഷ്യമിടുന്നതായി ഇന്ത്യ. 2035-ല്‍ ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍’ (ഇന്ത്യന്‍ സ്പേസ് സ്റ്റേഷന്‍) നിര്‍മ്മിക്കാന്‍ സജ്ജമാകണമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഗഗന്‍യാന്‍ ദൗത്യത്തിന്റെ പുരോഗതി വിലയിരുത്താനും ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഐ.എസ്.ആര്‍.ഒ-യ്ക്ക് നിര്‍ദേശം നല്‍കിയത്.

ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ഐ.എസ്.ആര്‍.ഒ തയ്യാറാക്കുന്ന രൂപരേഖയില്‍ ചന്ദ്രയാന്‍ ദൗത്യത്തിന്റെ അടുത്ത സീരീസ്, പുതിയ ലോഞ്ച് പാഡിന്റെ നിര്‍മാണമടക്കമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. 20-ഓളം പ്രധാന പരീക്ഷണങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഗഗന്‍യാന്‍ ദൗത്യം വിജയിച്ചാല്‍, അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ആരും സ്പര്‍ശിച്ചിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ തൊട്ട് ചന്ദ്രയാന്‍ ഐതിഹാസിക ചരിത്രമെഴുതിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ തെളിച്ചം വന്നത്. ദൗത്യം വിജയിച്ചതിന് പിന്നാലെ സൂര്യനെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യ റോക്കറ്റ് വിക്ഷേപിച്ചിരുന്നു.