ഇസ്രയേല്‍-ഹമാസ് പോരാട്ടം അതിരൂക്ഷം; മരണസംഖ്യ 3000 കടന്നു

Share

ടെല്‍അവീവ്: ഒരാഴ്ച പിന്നിടുന്ന ഇസ്രയേല്‍-ഹമാസ് പോരാട്ടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇസ്രായേല്‍ സേനയുടെ ആക്രമണം ശക്തമാക്കിയതോടെ ഗാസയില്‍ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു. ഇതിനിടെ ഗാസയില്‍ നുഴഞ്ഞുകയറി ഹമാസിന്റെ തന്ത്രപ്രധാനയിടങ്ങളില്‍ പരിശോധന നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ആക്രമണസമയത്ത് ഹമാസ് പോരാളികള്‍ ഇസ്രയേലില്‍ നിന്ന് പിടികൂടി ബന്ദികളാക്കിയവരെ പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രങ്ങളെക്കുറിച്ചുള്ള സൂചന ലഭിച്ചതായും ഇസ്രയേല്‍ അറിയിച്ചു. ഗാസയ്ക്കുള്ളിലെ റെയ്ഡ് ഹമാസ് പോരാളികളെ കണ്ടെത്താനും ആയുധങ്ങള്‍ പിടിച്ചെടുക്കാനുമാണെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.

ഇതിനിടെ തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ബോംബാക്രമണത്തെ ഭയന്ന് സ്വന്തം നാട്ടില്‍ നിന്നും വാഹനങ്ങളില്‍ രക്ഷപ്പെടുകയായിരുന്ന ജനങ്ങള്‍ക്കു നേരെയാണ് ഇസ്രായേല്‍ ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഹമാസ് ആരോപിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 15 ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി പലസ്തീനിയന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗാസയില്‍ മാത്രം ഇതിനകം 1799 പേര്‍ കൊല്ലപ്പെടുകയും 6388 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 46 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ഭാഗത്ത് 1300 കൊല്ലപ്പെട്ടപ്പോള്‍ 3400 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിന് പുറമെ 4.23 ലക്ഷം ജനങ്ങള്‍ വീടും പരിസരവും ഉപേക്ഷിച്ച് പലായനം ചെയ്തു.

ഗാസയിലെ ആകെയുള്ള 2.3 ദശലക്ഷം ജനങ്ങളില്‍ 47 ശതമാനത്തോളം കുട്ടികളാണ്. യുദ്ധക്കെടുതികള്‍ രൂക്ഷമായതോടെ 1.7 ദശലക്ഷത്തോളം  ജനങ്ങള്‍ അഭയാര്‍ത്ഥി ക്യാമ്പിൽ കഴിയുകയാണ്. 24 മണിക്കൂറിനകം ഗാസ ഒഴിഞ്ഞ് പോകണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ പതിനായിരങ്ങളാണ് വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നത്. അതേസമയം സംഘര്‍ഷത്തിന് അയവുവരുത്താൻ അടിയന്തിരമായി ഇടപെടണമെന്ന് പലസ്തീന്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെട്ടു. മേഖലയില്‍ രക്തചൊരിച്ചില്‍ ഒഴിവാക്കാന്‍ ചര്‍ച്ച നടത്തുകയാണെന്ന് ഖത്തറും ഗാസയ്ക്കുള്ളില്‍ സുരക്ഷിത മേഖലകള്‍ നിശ്ചയിക്കാന്‍ ഇസ്രയേലുമായി ചര്‍ച്ച നടത്തി വരുന്നതായി അമേരിക്കയും വ്യക്തമാക്കി. ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച് ഇന്നേക്ക് ഒരാഴ്ച പിന്നിടുകയാണ്.