പരസ്പര പോര്‍വിളിയുമായി ഇസ്രായേലും ഹമാസും; ബന്ദികളെ പരസ്യമായി കൊല്ലുമെന്ന് ഹമാസ്; യുദ്ധം തുടങ്ങിവച്ചവരെ തീര്‍ക്കുമെന്ന് ഇസ്രായേല്‍

Share

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധം അതിരൂക്ഷമായി തുടരുമ്പോള്‍ ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം ആരംഭിച്ചത് ഇസ്രയേല്‍ അല്ലെങ്കിലും തീര്‍ക്കുന്നത് തങ്ങളായിരിക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്. ഇസ്രയേല്‍ യുദ്ധക്കളത്തിലാണെന്നും തങ്ങള്‍ ഇത് ആഗ്രഹിച്ചിരുന്നില്ലെന്നും ഇസ്രയേലിനെ കൊടും ക്രൂരമായ ഈ പാതയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും അധികം വൈകാതെ ഇത് അവസാനിപ്പിക്കും എന്നുമായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് ഇസ്രായേല്‍ പ്രധാനമന്ത്രി ഹമാസിന്  നല്‍കിയ താക്കീത്.

ഇസ്രയേലിനെ ആക്രമിച്ചത് ചരിത്രത്തിലെ തന്നെ വലിയ തെറ്റായിപ്പോയി എന്ന് മനസിലാക്കണമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ഹമാസിനെ ഓര്‍മ്മിപ്പിച്ചു. ഇസ്രയേലിനെ ആക്രമിച്ചാല്‍ എന്ത് വില നല്‍കേണ്ടിവരുമെന്ന് വര്‍ഷങ്ങളോളം ഹമാസും അതുപോലുള്ള മറ്റു ശത്രുക്കളും മനസിലാക്കണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി നിരന്തരം ആശയവിനിമയം നടത്തി വരുകയാണെന്നും പിന്തുണ നല്‍കിയ മറ്റു ലോകനേതാക്കളോട് നന്ദിയുണ്ടെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

അതേസമയം, ഗാസ പിടിച്ചെടുക്കാനുള്ള കരസേനാ നീക്കത്തിന് ഇസ്രായേല്‍ വേഗത കൂട്ടി.  ഒരു ലക്ഷത്തോളം പട്ടാളക്കാര്‍ ഗാസ അതിര്‍ത്തിയില്‍ നിലയുറപ്പിക്കുകയും 75,000-ത്തോളം ഇസ്രായേല്‍ പട്ടാളക്കാര്‍ അതിര്‍ത്തിയില്ക്ക് നീങ്ങുന്നതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അയ്യായിരം നാവികരും ഒട്ടേറെ പോര്‍ വിമാനങ്ങളും മിസൈലുകളും അടങ്ങുന്ന അമേരിക്കയുടെ ഏറ്റവും വലിയ പടക്കപ്പലായ ജറാള്‍ഡ് ആര്‍ ഫോര്‍ഡ് മെഡിറ്ററേനിയന്‍ സമുദ്രത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മറ്റ് അഞ്ചു യുദ്ധക്കപ്പലുകള്‍ എത്തിക്കഴിഞ്ഞു. ഹമാസിന്റെ ആക്രമണങ്ങളില്‍ 10 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധത്തില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അനുവദിക്കാനാകില്ലെന്ന് റഷ്യ പ്രതികരിച്ചു.

വൈദ്യുതി, ഭക്ഷണം, കുടിവെള്ളം, ഇന്ധനം അടക്കം സമ്പൂര്‍ണ ഉപരോധത്തിലാണ് ഗാസയെന്ന് ഇസ്രയേലി പ്രതിരോധമന്ത്രി യൊവ് ഗാല്ലന്റ് അറിയിച്ചു. ഗാസയിലെ ഒരു ലക്ഷത്തി ഇരുപതിനായിരം പേര്‍ ഭവന രഹിതരായെന്ന് യു.എന്‍ വെളിപ്പെടുത്തി. മൂന്നു ദിവസമായി തുടരുന്ന ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളില്‍ ഗാസ മേഖലയില്‍ 1300 പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ബന്ദികളാക്കി വച്ചിരുന്ന നാലു ഇസ്രയേലികളുമുണ്ടെന്ന് ഹമാസ് അറിയിച്ചു. വിവിധ രാജ്യക്കാര്‍ അടക്കം ഇസ്രയേലില്‍ നിന്നു പിടിച്ചുകൊണ്ടുപോയ നൂറിലേറെപ്പേര്‍ ഇപ്പോഴും ബന്ദികളാണ്. ഹമാസിന്റെ ആക്രമണങ്ങളില്‍ ഇതുവരെ എണ്ണൂറു പേര്‍ കൊല്ലപ്പെട്ടു.  ഇസ്രയേലിനു നേര്‍ക്കുള്ള റോക്കറ്റ് ആക്രമണം ഹമാസും ഗാസയ്ക്ക് നേര്‍ക്കുള്ള മിസൈല്‍ ആക്രമണങ്ങള്‍ ഇസ്രയേലും തുടരുകയാണ്. ഇരുപക്ഷത്തുമായി 5,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 2,200-ലധികം പേര്‍ ഇസ്രയേലിലാണ്. 2,700-ലധികം പേര്‍ ഗാസയിലുമാണ്.

അതേസമയം യുദ്ധം മൂര്‍ച്ഛിക്കുന്നതിനിടെ ഹമാസ് വീണ്ടും പരസ്യ വെല്ലുവിളി ഉയര്‍ത്തി. ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ബന്ദികളാക്കിയിട്ടുള്ള ഓരോരുത്തരെയായി പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ വെല്ലുവിളി. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി 130-ലേറെ പോരാണ് ഹമാസിന്‍െ കസ്റ്റഡിയിലുള്ളത്. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരും അടക്കമുള്ളവര്‍ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഇവരെ എങ്ങനെ ജീവനോടെ മോചിപ്പിക്കാനാകും എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ബന്ദികളെ ഓരോരുത്തരെ ആയി പരസ്യമായി കൊല്ലുമെന്ന മുന്നറിയിപ്പുമായി ഹമാസ വെല്ലുവിളി ഉയര്‍ത്തുന്നത്. ഇതിനിടെ ബന്ദികളെ മോചിപ്പിക്കാന്‍ ഖത്തര്‍ ശ്രമം തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ തടവിലുള്ള പാലസ്തീനികളെ വിട്ടുകൊടുത്ത് ഹമാസിന്റെ തടവിലുള്ളവരെ മോചിപ്പിക്കാനാണ് നീക്കം.