ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ

Share

ഡല്‍ഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ വധശ്രമ കേസില്‍ കുറ്റക്കാരനാണെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഫൈസലിന് എം. പി സ്ഥാനത്ത് തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചാണ് സുപ്രീം കോടതിയുടെ സ്റ്റേ. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്ക് ശേഷം കേസില്‍ വാദം കേള്‍ക്കുമെന്നും ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരുടെ ബെഞ്ച് അറിയിച്ചു. കപില്‍ സിബല്‍, കെ.ആര്‍ ശശി പ്രഭു എന്നിവര്‍ മുഹമ്മദ് ഫൈസലിന് വേണ്ടി കോടതിയില്‍ ഹാജരായി.

രണ്ടാമതും അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയതിന് പിന്നാലെയാണ് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വധശ്രമക്കേസില്‍ കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ചൊവ്വാഴ്ചയാണ് കേരള ഹൈക്കോടതിയില്‍ നിന്ന് മുഹമ്മദ് ഫൈസലിന് തിരിച്ചടിയുണ്ടായത്. 2009-ലെ വധശ്രമക്കേസിലെ പത്ത് വര്‍ഷം കഠിന തടവ് ശിക്ഷ മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയ്യാറായില്ല. കവരത്തി സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയായിരുന്നു മുഹമ്മദ് ഫൈസലിന്റെ ഹര്‍ജി.

കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി കഴിഞ്ഞ ജനുവരി 25-ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് വീണ്ടും വാദം കേട്ട് തീരുമാനമെടുക്കുകയായിരുന്നു. ജനുവരിയില്‍ അയോഗ്യനാക്കിയെങ്കിലും മാര്‍ച്ച് 29-ന് എം.പി സ്ഥാനം തിരിച്ചു നല്‍കിയിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല ഉത്തരവുണ്ടായത്. മുന്‍ കേന്ദ്രമന്ത്രി പി.എം സയിദിന്റെ മരുമകന്‍ മുഹമ്മദ് സാലിയയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുഹമ്മദ് ഫൈസലും മറ്റ് മൂന്ന് പേരും കുറ്റക്കാരാണെന്ന് കവരത്തി സെഷന്‍സ് കോടതി കണ്ടെത്തിയത്.