സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് തിരുവനന്തപുരത്ത്; പത്ത് ദിവസത്തെ ഷൂട്ടിംഗ്

Share

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയുടെ തലൈവര്‍ സൂപ്പര്‍സ്റ്റാര്‍ രജിനികാന്ത് പുതിയ സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് എത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ സൂപ്പര്‍താരത്തിന് ആരാധകരും ചലച്ചിത്ര പ്രവര്‍ത്തകരും ചേര്‍ന്ന് ഗംഭീരവര വരവേല്‍പാണ് നല്‍കിയത്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ‘തലൈവര്‍ 170’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആവശ്യത്തിനായാണ് രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത്. ജയിലറിന്റെ വന്‍ വിജയത്തിനു ശേഷം അഭിനയിക്കുന്ന ചിത്രത്തില്‍ വ്യത്യസ്തമായ വേഷത്തിലാണ് രജിനി എത്തുന്നതെന്നാണ് സൂചന. നടി മഞ്ജു വാര്യരും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാഹുബലി താരം റാണ ദഗുഭാട്ടി രജിനിക്കൊപ്പം ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തില്‍ ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, നാനി എന്നിവര്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ, ഫഹദ് ഫാസില്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.