ആഡംബര സൗകര്യങ്ങളുമായി പുതിയ വന്ദേഭാരത്; വേഗതയിലും താരം

Share

ഡല്‍ഹി: ചുരുങ്ങിയ ചെലവില്‍ ആഡംബര യാത്ര വാഗ്ദാനം ചെയ്യുന്ന വന്ദേഭാരതിന്റെ പുതിയ പതിപ്പ് ഉടന്‍ അവതരിപ്പിക്കും. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പ്പെടുത്തി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ചവയായിരിക്കും വന്ദേഭാരതിന്റെ പുതിയ കോച്ചുകള്‍. വൃത്തിയുടെ കാര്യത്തിലും സീറ്റിംഗ് ക്രമീകരണത്തിലും പുറത്തെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലുള്ള ജനാലകളുടെ ക്രമീകരണം, വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ സംവിധാനം ട്രെയിന്‍ പാളം തെറ്റാതിരിക്കാനുള്ള ആന്റി സ്‌കിഡ് സംവിധാനം, കോച്ചുകളിലെ സിസി ടിവി നിരീക്ഷണം അങ്ങനെ വന്ദേഭാരതിന്റെ സവിശേഷതകള്‍ ഏറെയാണ്. എന്നാല്‍ നിലവിലെ വന്ദേഭാരതില്‍ സ്ലീപ്പിംഗ് കോച്ചുകള്‍ ഇല്ലെന്ന കുറവുകള്‍ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനിടെയാണ് 2024-ല്‍ സ്ലീപ്പര്‍ കോച്ച് സൗകര്യങ്ങളില്‍ പുതിയ വന്ദേഭാരത് പുറത്തിറങ്ങുമെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നത്. പുതിയ കോച്ചുകളുടെ ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് റെയില്‍വെ അധികൃതര്‍ അറിയിക്കുന്നത്.

അടുത്ത ലോക്‌സഭ തിഞ്ഞെടുപ്പിന് മുമ്പായോ 2024-ന്റെ തുടക്കത്തിലോ പുതിയ സര്‍വീസുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് പുതിയ കോച്ചുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ സമയം അനുവദിച്ചിരിക്കുന്നതെന്ന് റെയില്‍വെ വൃത്തങ്ങള്‍ അറിയിക്കുന്നു. ‘സ്ലീപ്പര്‍ കോച്ചുകളുടെ ഡിസൈന്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. നിലവിലെ ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് വന്ദേഭാരതില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിശാലമായ ബെര്‍ത്താണ് യാത്രക്കാര്‍ക്ക് ഒരുക്കുന്നത്. ഇത് യാത്രക്കാര്‍ക്ക് മികച്ച യാത്ര സുഖം ഒരുക്കും. രാത്രി യാത്രയ്ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും കോച്ചുകളില്‍ ഉണ്ടാകും. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മ്മിക്കുന്നത്. ആകെയുള്ള 16 കോച്ചുകളില്‍ 11 എണ്ണവും 3 ടയര്‍ എസിയായിരിക്കും. നാല് എണ്ണം 2 ടയര്‍ കോച്ചും ഒന്ന് ഫസ്റ്റ് ക്ലാസ് കോച്ചുമായിരിക്കും. 160 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മ്മാണം.