ദുബായ്: ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് നോണ്‍ സ്റ്റോപ്പ് സര്‍വിസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ട് സര്‍വീസ് നടത്താനാണ് എയര്‍ ഇന്ത്യ ആലോചിക്കുന്നത്. ഇതിനായുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. നിലവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്‍ഡിഗോയും കൊച്ചിയില്‍ നിന്നും ദോഹയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്നുണ്ട്. ഇതുകൂടാതെ എയര്‍ ഇന്ത്യയും ആഴ്ചയില്‍ എല്ലാ ദിവസങ്ങളിലും സര്‍വീസ് നടത്തുന്നതോടെ യാത്ര സുഗമമാകും. പുലര്‍ച്ചെ 1.30-ന് കൊച്ചിയില്‍ നിന്നും യാത്ര തിരിക്കുന്ന എയര്‍ ഇന്ത്യ വിമാനം, 3.45-ന് ദോഹയിലെത്തുകയും പിന്നീട് ഒരു മണിക്കൂര്‍ പിന്നിട്ട് ദോഹയില്‍ നിന്നും 4.45-ന് കൊച്ചിയിലേക്ക് മടങ്ങുകയും ചെയ്യും. എയര്‍ ഇന്ത്യ എക്‌സ്പ്രസ് എല്ലാ ദിവസവും കൊച്ചി-ദോഹ സര്‍വിസ് നടത്തുന്നുണ്ട്. 2023 ഒക്ടോബര്‍ അവസാനവാരത്തോടെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കും നേരിട്ടുള്ള വിമാനം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലെ രണ്ട് നഗരങ്ങളിലേക്ക് കൂടി സര്‍വീസ് ആരംഭിക്കുമെന്ന് ഒമാന്‍ എയര്‍ അറിയിച്ചു. ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച മുതല്‍ തിരുവനന്തപുരത്തേക്കും ലക്നോവിലേക്കുമാണ് സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. ചില പ്രത്യേക കാരണങ്ങളാല്‍ നിര്‍ത്തി വച്ചിരുന്ന സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. ഞായര്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വീസ് നിശ്ചയിച്ചിരിക്കുന്നത്. ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 7.45-ന് തിരുവനന്തപുരത്ത് എത്തുന്ന വിമാനം 8.45-ന് തിരിച്ചു പറക്കും. ഞായര്‍, ബുധന്‍ ദിവസങ്ങളില്‍ 7.45-ന് എത്തി 8.45-ന് പുറപ്പെടും. വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 1.55-ന് എത്തി വൈകീട്ട് 4.10-നാണ് മടങ്ങുക. ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2.30-ന് എത്തി 3.30-ന് പുറപ്പെടും. മസ്‌കറ്റ്-തിരുവന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്.