പാകിസ്ഥാനില്‍ ചാവേര്‍ സ്‌ഫോടനം; 50-തിലധികം പേര്‍ കൊല്ലപ്പെട്ടു

Share

കറാച്ചി: നബിദിനാഘോഷത്തിനിടെ പാകിസ്ഥാനില്‍ ചാവേര്‍ ആക്രമണം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ മസ്തുങ് ജില്ലയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടതായും നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. നബി ദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഒത്തുകൂടിയ പ്രദേശത്തെ വളരെ പ്രശസ്തമായ പള്ളിക്ക് സമീപത്താണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.

കൊല്ലപ്പെട്ടവരില്‍ മസ്തുങ് മേഖലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കാനിരുന്ന മതസൗഹാര്‍ദ റാലിക്ക് സംരക്ഷണം നല്‍കാന്‍ ചുമതലയുണ്ടായിരുന്ന പോലീസ് ഡി.വൈ.എസ്.പി നവാസ് ഗഷ്‌കോരിയാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ വാഹനത്തിനടുത്തെത്തിയണ് ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചത്. അതേസമയം സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ചാവേര്‍ ആക്രമണവുമായി ബന്ധമില്ലെന്ന് പാക് താലിബാന്‍ വ്യക്തമാക്കിട്ടുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

പാകിസ്ഥാന്റെ സമീപ ദിവസങ്ങളിലെ ചരിത്രം നോക്കിയാല്‍ വളരെ ശക്തിയേറിയ ചാവേര്‍ സ്‌ഫോടനമാണ് നടന്നത്. 2023 സെപ്തംബര്‍ മാസത്തില്‍ മസ്തുങ് ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ സ്‌ഫോടനമെന്ന പ്രത്യേകതയുമുണ്ട്. ഈ മാസം ആദ്യം നടന്ന സ്ഫോടനത്തില്‍ ജമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസല്‍ നേതാവ് ഹാഫിസ് ഹംദുള്ള ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പാക് സര്‍ക്കാരനെതിരെ തന്നെ ഏറെക്കാലമായി ആഭ്യന്തര സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്ഥാന്‍.