ദുബായ്: സാംസ്‌കാരിക-ജീവകാരുണ്യ മേഖലയില്‍ സ്തുത്യര്‍ഹമായ സേവനത്തിലൂടെ സില്‍വര്‍ ജൂബിലിയിലെത്തി നില്‍ക്കുന്ന അക്കാഫ് അസോസിയേഷന്റെ ഇത്തവണത്തെ ഓണാഘോഷം ചരിത്രവിസ്മയമാക്കാന്‍ ഒരുങ്ങുകയാണ്. സേവനപാതയില്‍ എന്നും വേറിട്ട അനുഭവം മാത്രം സമ്മാനിക്കുന്ന അക്കാഫ്, 25-ാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ നാട്ടില്‍ നിന്നും 25 അമ്മമാരെ ദുബായുടെ വിസ്മയ ലോകത്തേക്ക് ആനയിച്ച് അവരെ ജനസമക്ഷം ആദരിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അക്കാഫിന്റെ ഇത്തവണത്തെ പൊന്നോണക്കാഴ്ച അമ്മയോണം എന്നറിയപ്പെടുന്നത്. മാതൃവന്ദനം എന്ന പേരിലാണ് അമ്മയോണം ആഘോഷിക്കുന്നത്. നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നെത്തിയ 25 അമ്മമാരെയും ദുബായിലെ പ്രൗഡഗംഭീരമായ വേദിയിൽ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലാണ് ആദരിച്ചത്.
ദുബായില്‍ കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രവാസികളുടെ അമ്മമാരെയാണ് യാത്ര-താമസം-ഭക്ഷണം അടക്കമുള്ള എല്ലാ ചെലവുകളും നല്‍കി അക്കാഫ് ദുബായിലെത്തിച്ചത്. ഒരുപക്ഷേ ജീവിതത്തില്‍ ഒരിക്കല്‍ പോലും നടക്കില്ലെന്ന് കരുതിയിടത്തു നിന്നാണ് ഈ വാര്‍ദ്ധക്യകാലത്ത് 25 അമ്മമാര്‍ വിമാനത്തില്‍ കയറി കടല്‍ കടന്നെത്തി ശീതീകരിച്ച മുറിയിലുറങ്ങി ഇഷ്ട വിഭവങ്ങള്‍ കഴിച്ച് ദുബായ് എന്ന സ്വപ്ന നഗരത്തിന്റെ സൗന്ദര്യം കണ്‍കുളിര്‍ക്കെ കണ്ട് ജീവിതത്തിലെ ഒരു സ്വപ്നം അക്കാഫിലൂടെ സാക്ഷാത്കരിച്ചത്. ഒരുപക്ഷേ ഒരു സാധാരണക്കാരനായ പ്രവാസിക്ക് തന്റെ അമ്മയ്ക്ക് നല്‍കാന്‍ കഴിയുന്ന അവിസ്മരണീയമായ ഒരു ഓണസമ്മാനം കൂടിയാണ് ഈ സ്വപ്നയാത്ര. നാട്ടിലുള്ള 25 അമ്മമാര്‍ക്ക് ദുബായിലേക്കൊരു ഉല്ലാസയാത്ര ഒരുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് അക്കാഫ് പൊന്നോണക്കാഴ്ചയുടെ ജനറല്‍ കണ്‍വീനര്‍ ബിന്ദു നായര്‍ പറഞ്ഞു.
അക്കാഫിന്റെ ഇത്തവണത്തെ ഓണവിശേഷങ്ങള്‍ ഇവിടെ മാത്രം ഒതുങ്ങുന്നതല്ല. ആയിരങ്ങളെ സാക്ഷി നിര്‍ത്തി ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലാണ് ഇത്തവണത്തെ ഓണാഘോഷം. പതിവുപോലെ അത്തപ്പൂക്കള മത്സരം, സിനിമാറ്റിക് ഡാന്‍സ്, പായസമത്സരം, പുരുഷ കേസരി, മലയാളി മങ്ക മത്സരം, കോളേജുകളുടെ സാംസ്‌കാരിക ഘോഷയാത്ര മത്സരം, കുട്ടികള്‍ക്കായി പെയിന്റിങ്-ചിത്ര രചനാ മത്സരങ്ങള്‍, ഓണസദ്യ തുടങ്ങി വിപുലമായ സജ്ജീകരണങ്ങളാണ് അക്കാഫ് ഒരുക്കിയിരിക്കുന്നത്. അങ്ങനെ ദുബായുടെ മണ്ണില്‍ ഒരിക്കല്‍ കൂടി ചരിത്രം കുറിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് അക്കാഫ്. നൂറിലധികം കലാലയങ്ങളില്‍ നിന്നായി 50,000-ലധികം സൗഹൃദങ്ങള്‍ കൈയോട് കൈ, തോളോട് തോള്‍ ചേര്‍ന്നു നിന്നാണ് അക്കാഫിനെ 25 വര്‍ഷങ്ങള്‍ വളര്‍ത്തിയെടുത്തത്. ഈ വളര്‍ച്ചയുടെ പടവുകള്‍ താണ്ടുമ്പോള്‍ സാധാരണക്കാരനെക്കൂടി ചേര്‍ത്തുപിടിക്കാനുള്ള അക്കാഫിന്റെ മനസിന് ഒരു ബിഗ് സല്യൂട്ട്.