ഭൂചലനത്തില്‍ വിറങ്ങലിച്ച് മൊറോക്കോ; 296 പേര്‍ക്ക് ദാരുണാന്ത്യം; സഹായഹസ്തവുമായി ഇന്ത്യ

Share

ദുബായ്: മൊറോക്കോയില്‍ ശക്തമായ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 296 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി മൊറോക്കോ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. മൊറോക്കോയുടെ തലസ്ഥാനമായ റാബത്തിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പം കനത്ത നാശനഷ്ടമുണ്ടാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11 മണി കഴിഞ്ഞാണ് മൊറോക്കോയെ നടുക്കിയ അതിശക്തമായ ഭൂചലനമുണ്ടായത്. 150-ല്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

റാബത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള മരാക്കെ വരെയുള്ള പ്രദേശങ്ങളിലാണ് ഭൂചലനത്തില്‍ വലിയ നഷ്ടമുണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മൊറോക്കയുടെ സമീപ പ്രദേശത്തായിട്ടാണ്. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഭൂചലനത്തിന് പിന്നാലെ പരിഭ്രാന്തരായി ഓടിയ ജനം ഇപ്പോഴും തെരുവുകളില്‍ തന്നെ കഴിയുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മൊറോക്ക സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം ഭൂകമ്പത്തില്‍ തകര്‍ന്ന മൊറോക്കോയെ സഹായിക്കാന്‍ ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചു. ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മൊറോക്കോയിലെ ഭൂകമ്പത്തില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഏറെ വേദനയുണ്ടെന്നും ഈ ദുരന്ത സമയത്ത് തന്റെ ചിന്തകള്‍ മൊറോക്കോയിലെ ജനങ്ങളോടൊപ്പമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.