ദുബായ്: ലോക പ്രസിദ്ധമായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം 2023 നവംബര്‍ ഒന്ന് ബുധനാഴ്ച ആരംഭിക്കും. പുസ്തകോല്‍സവത്തിന്റെ 42-ാമത് പതിപ്പാണ് ഇത്തവണ ഷാര്‍ജ എക്സ്പോ സെന്ററില്‍ അരങ്ങേറുന്നത്. നവംബര്‍ 1-ന് ആരംഭിക്കുന്ന പുസ്തകമേള നവംബര്‍ 12 ഞായറാഴ്ച സമാപിക്കും. ലോകത്തിലെ തന്നെ ഏറ്റവും വലിയ പുസ്തകമേളയാണ് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍. കഴിഞ്ഞ വര്‍ഷം പുസ്തകമേളയില്‍ 95 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടായിരുന്നു. 2,213-ലധികം പ്രസാധകരാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി പങ്കെടുത്തത്. 57 രാജ്യങ്ങളില്‍ നിന്നുള്ള 150-ഓളം എഴുത്തുകാരും സാംസ്‌കാരിക-കലാ പ്രവര്‍ത്തകരും മേളയില്‍ സംബന്ധിച്ചു.
മുന്‍ വര്‍ഷങ്ങളിലെന്നപോലെ പ്രവാസികളുടെ നൂറുകണക്കിന് പുസ്തകങ്ങളാണ് 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ പ്രകാശനത്തിനായി കാത്തിരിക്കുന്നത്. നോവൽ, കഥ, കവിത, അനുഭവ ക്കുറിപ്പുകള്‍, ആത്മകഥ, ലേഖനങ്ങള്‍ തുടങ്ങി ചെറുതും വലുതുമായ വൈവിധ്യമാര്‍ന്ന പുസ്തകങ്ങളാണ് മേളയില്‍ പ്രകാശനം ചെയ്യാന്‍ ഒരുങ്ങുന്നത്. കേരളത്തിലെ പ്രധാന പ്രസാധകരെല്ലാം പുതിയ പുസ്തകങ്ങളുടെ പ്രകാശനത്തിനായി ഷാര്‍ജ പുസ്തകോല്ർസവ സംഘാടക സമിതിക്കു മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചുതുടങ്ങി. പുസ്തകോല്‍സവം ആരംഭിക്കുന്നതിന് മുമ്പായി 2023 ഒക്ടോബര്‍ 29, 30, 31 തീയതികളില്‍ പ്രസാധക സമ്മേളനം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.